കണക്കുകൂട്ടലുകളിൽ മറ്റ് സാധ്യതകളുണ്ടെങ്കിലും സിംബാബ്വെയുമായുള്ള മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടി സെമിഫൈനലിലെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. മത്സരത്തിൽ പരാജയമറിഞ്ഞാൽ ഇന്ത്യയുടെ മുൻപോട്ടുള്ള യാത്ര മറ്റു മത്സരഫലങ്ങളെ അങ്ങേയറ്റം ആശ്രയിച്ചിരിക്കും. അതിനാൽതന്നെ സിംബാബ്വെയെ തകർത്ത് ഇന്ത്യ സെമിഫൈനലിലെത്തണം എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നത്. സിംബാബ്വെയോട് പരാജയപ്പെട്ടാൽ ഇന്ത്യ സെമിയിലെത്താൻ യോഗ്യരല്ല എന്നും ഇർഫാൻ പത്താൻ പറയുന്നു.
സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇർഫാൻ പത്താൻ ഇക്കാര്യങ്ങൾ അറിയിച്ചത്. “സിംബാബ്വെക്കെതിരായ മത്സരത്തിൽ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യ സെമിഫൈനലിൽ സ്ഥാനം അർഹിക്കുന്നില്ല. സിംബാബ്വെ ടീമിനെ സംബന്ധിച്ച് മികച്ച ഒരു ബോളിംഗ് ലൈനപ്പാണ് അവർക്കുള്ളത്. എന്നാൽ അവരുടെ ബാറ്റിംഗ് അത്ര ശക്തമല്ല. അവർക്കെതിരെ മികച്ച വിജയം നേടാൻ ഇന്ത്യക്ക് സാധിക്കണം.”- ഇർഫാൻ പത്താൻ പറയുന്നു.
ഇതോടൊപ്പം ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തിൽ ഇർഫാൻ പത്താൻ അസംതൃപ്തി പ്രകടിപ്പിക്കുകയുമുണ്ടായി. “ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരം വളരെ ആവേശോജ്ജ്വലമായിരുന്നു. ഒരുപക്ഷേ മഴ പെയ്തില്ലായിരുന്നുവെങ്കിൽ മോമെന്റ്റം ബംഗ്ലാദേശിനൊപ്പം തന്നെ നിന്നേനെ. അവർ വിജയിക്കുകയും ചെയ്തേനെ. അതിനാൽതന്നെ എല്ലാ മത്സരങ്ങളും നിർണായകമാണ്.”- ഇർഫാൻ കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്. മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിനെ ബംഗ്ലാദേശ് ബാറ്റർമാർ തൂക്കിയടിക്കുന്നത് തുടക്കത്തിൽ കണ്ടിരുന്നു. ശേഷം മികച്ച ഒരു തിരിച്ചുവരവാണ് ഇന്ത്യൻ ബോളർമാർ നടത്തിയത്. എന്നാൽ സിംബാബ്വെയ്ക്കെതിരെ വലിയൊരു വിജയം തന്നെ നേടി സെമിയിൽ എത്താനാവും ഇന്ത്യ ശ്രമിക്കുന്നത്.