കളിക്കാരെ സ്‌ക്വാഡിൽ എടുക്കുന്നു! അവസരം കൊടുക്കാതിരിക്കുന്നു! ഒഴിവാക്കുന്നു! റിപീറ്റ്!! ഇന്ത്യയുടെ സെലെക്ഷൻ പ്രശ്നം ഇതാണ്

   

ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ചധികം പരമ്പരകളിലായി നടത്തുന്ന സെലക്ഷനുകൾക്കെതിരെ വലിയ രീതിയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പല കളിക്കാരെയും പരമ്പരയിലെ സ്ക്വാഡിൽ ഉൾപ്പെടുത്തുകയും അവർക്ക് കളിക്കാൻ അവസരം നൽകാതിരിക്കുകയും ചെയ്യുന്നു. ശേഷം അടുത്ത പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ നിന്ന് അവരെ ഒഴിവാക്കുന്നു. ഇതാണ് ഇന്ത്യ കഴിഞ്ഞ കുറച്ചുകാലമായി ചെയ്യുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ ബാറ്റർ രാഹുൽ ത്രിപാതിയേ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അയാളെ ഒരു മത്സരം പോലും കളിപ്പിച്ചില്ല. ഇതിനെതിരെ ചോദ്യം ഉന്നയിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

   

ഇന്ത്യയുടെ അടിസ്ഥാനമില്ലാത്ത തെരഞ്ഞെടുപ്പ് രീതികളെ പറ്റിയാണ് ആകാശ് ചോപ്ര സംസാരിക്കുന്നത്. “ഇത് രാഹുൽ ത്രിപാതിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രശ്നമല്ല. നമ്മൾ ഇത് കൃത്യമായി ചെയ്യുന്നുണ്ട്. നമ്മൾ ഒരു കളിക്കാരനെ ഒരു പരമ്പരക്കായി തിരഞ്ഞെടുക്കുകയും അടുത്ത പരമ്പരയിൽ അയാളെ ഒഴിവാക്കുകയും ചെയ്യുന്നു. ഈ പ്രശ്നമാണ് നിലവിലെ ഇന്ത്യയുടെ പിന്നോട്ട് പോക്കിനും പ്രധാനകാരണം. ഇത്തരം സെലക്ഷനുകൾ യുക്തിപരമല്ല.”- ആകാശ് ചോപ്ര പറയുന്നു.

   

“ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ദീപക് ഹൂഡ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഹൂഡ കളിച്ചിരുന്നു. ഇപ്പോൾ ദീപക്ക് ഹൂഡയില്ല. സഞ്ജു സാംസനും ടീമിലില്ല. ഇപ്പോൾ ഇന്ത്യ രാഹുൽ ത്രിപാതിയെയും പട്ടിദാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നു. അടുത്ത പരമ്പരയിൽ ഇവർ രണ്ടുപേരും കാണില്ല. ഇത്തരം സെലക്ഷൻ മനസ്സിലാക്കാൻ സാധിക്കാത്തതാണ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ദീപക് ഹൂഡയും സഞ്ജു സാംസണും ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കളിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ നിന്ന് ഇന്ത്യ അവരെ ഒഴിവാക്കി. ഇരു പരമ്പരകൾക്കുമുള്ള സ്ക്വാഡ് ഒരേ സമയം തന്നെയായിരുന്നു തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *