ഓൾറൗണ്ടർ എന്ന വാക്കിനർത്ഥം ഒരുകാലത്ത് ബോളിംഗും ബാറ്റിംഗും ചെയ്യുന്ന ക്രിക്കറ്റർ എന്നായിരുന്നു. എന്നാൽ കാലക്രമേണ ഫീൽഡിങ് എന്നതും ക്രിക്കറ്റിലെ പ്രധാനപ്പെട്ട ഒരു മേഖലയായി മാറി. മികച്ച ഫീൽഡിങ്ങിലൂടെ മാൻ ഓഫ് ദി മാച്ച് അവാർഡ് പോലും സ്വന്തമാക്കിയ ഒരുപാട് ക്രിക്കറ്റർമാരുണ്ട്. അങ്ങനെ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തന്റെ ടീമിനായി എല്ലാം സമർപ്പിച്ച ക്രിക്കറ്ററാണ് രവീന്ദ്ര ജഡേജ.
1988ൽ ഗുജറാത്തിലാണ് ഇന്ത്യയുടെ ഈ ഓൾറൗണ്ടർ ജനിച്ചത്. ക്രിക്കറ്റ് എന്നതിലുപരി ഓട്ടത്തെയും ചാട്ടത്തെയും ജഡേജ സ്നേഹിച്ചിരുന്നു.എന്നാൽ അയാൾ ജീവശാസമാക്കിയത് ക്രിക്കറ്റായിരുന്നു. 2005ൽ തന്റെ പതിനാറാം വയസ്സിലായിരുന്നു ജഡേജ ആദ്യമായി അണ്ടർ19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശേഷം 2006ലും 2008ലും ജഡേജ അണ്ടർ 19 ലോകകപ്പിൽ കളിച്ചു. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജഡേജ.
പിന്നീട് 2008ൽ ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനായി കളിക്കാൻ ജഡേജയ്ക്ക് അവസരം ലഭിച്ചു. ഷെയ്ൻ വോൺ എന്ന ഇതിഹാസത്തിന്റെ നായകത്വത്തിൽ ജഡേജ മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെ 2009ൽ ജഡേജ ഇന്ത്യയുടെ ദേശീയ ടീമിലെത്തി. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ 60 റൺസ് നേടിയതോടെ ജഡേജയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം ഊട്ടി ഉറപ്പിക്കപ്പെട്ടു. അതിനുശേഷം ധോണി എന്ന ക്യാപ്റ്റന്റെ കീഴിൽ ജഡേജ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അത്ഭുതങ്ങൾ കാട്ടി.
ഇന്ത്യക്കായി 60 ടെസ്റ്റുകളിൽ നിന്ന് 2523 റൺസും, 242 വിക്കറ്റുകളും ജഡേജ നേടിയിട്ടുണ്ട്. 168 ഏകദിനങ്ങളിൽ നിന്ന് 2411 റൺസും188 വിക്കറ്റുകളും ജഡേജയുടെ സമ്പാദ്യമാണ്. 59 ട്വന്റി20കളിൽ നിന്ന് 372 റൺസും 48 വിക്കറ്റുകളും ജഡേജ പേരിൽ ചേർത്തിട്ടുണ്ട്. ഇങ്ങനെ തുടരുന്നു ജഡേജയുടെ കഥ. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ തന്നെയാണ് ജഡേജ.