ഇന്ത്യയുടെ ക്രിക്കറ്റർ റിഷഭ് പന്തിന് കാറപകടത്തിൽ പരിക്ക്. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് പന്തിന് പരിക്കേറ്റത്. ഹമ്മദ്പൂരിലെ റൂർക്കിയിൽ വെച്ചായിരുന്നു പന്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. ആദ്യഘട്ട വിവരങ്ങൾ അനുസരിച്ച് പന്തിനെ ആദ്യം റൂർക്കിയിലെ സാക്ഷം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം പന്തിന്റെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പന്ത് തന്നെയായിരുന്നു തന്റെ bmw കാർ ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ശേഷം കാർ കത്തുകയാണുണ്ടായത്. എന്നാൽ സമയോചിതമായി പന്ത് കാറിന്റെ ഗ്ലാസുകൾ പൊട്ടിക്കുകയും പുറത്തുകടക്കുകയും ആണ് ഉണ്ടായത്. അതുകൊണ്ട് മാത്രമാണ് പന്തിന്റെ ജീവൻ രക്ഷപ്പെട്ടത്. എന്നിരുന്നാലും പന്തിന് തലയിലും കാലുകളിലും പരിക്കുകളുണ്ട്. ഒപ്പം പുറകുവശത്ത് പൊള്ളലും ഏറ്റിട്ടുണ്ട്.
ഈ അപകടത്തിന് ശേഷം വിവിഎസ് ലക്ഷ്മൺ പന്തിന്റെ സാഹചര്യം വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. “പന്തിനായി പ്രാർത്ഥിക്കുന്നു. ഭാഗ്യവശാൽ പന്ത് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.”- വിവിഎസ് ലക്ഷ്മൺ പറഞ്ഞു. വിവിഎസ് ലക്ഷ്മണിന് പുറമേ വീരേന്ദ്ര സേവാഗ്, ഹർഷാ ബോഗ്ലെ, അഭിനവ മുകുന്ദ് തുടങ്ങിയവരും പന്തിനായി പ്രാർത്ഥിച്ചു ട്വീറ്റ് ചെയ്തിരുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ട പന്ത് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചേരാൻ തയ്യാറായിരിക്കുകയായിരുന്നു. ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പര്യടനത്തിനു മുൻപുള്ള തയ്യാറെടുപ്പിലായിരുന്നു പന്ത്. എന്നാൽ ഈ അപകടം പന്തിനെ പിന്നിലേക്ക് ആകുമോ എന്ന് കണ്ടറിയണം.