ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ ഒരു പ്രതീക്ഷ തന്നെയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. എന്നാൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പന്തിന് ടീമിന് പുറത്തിരിക്കേണ്ടിവന്നു. ദിനേശ് കാർത്തിക്കിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതാണ് പന്തിന് ടീമിന് പുറത്തിരിക്കേണ്ടി വന്നതിന്റെ കാരണം. എന്നാൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തിന് മുമ്പ് നെറ്റ് പരിശീലനത്തിലാണ് റിഷഭ് പന്തിപ്പോൾ. നെറ്റ് സെഷനിൽ പന്ത് കളിച്ച ഒരു ഹെലികോപ്റ്റർ ഷോട്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
നെറ്റ് പരിശീലനത്തിനിടെയാണ് പന്ത് ഹെലികോപ്റ്റർ ഷോട്ട് കളിച്ചത്. നേരത്തെ തന്നെ പല മത്സരങ്ങളിലും പന്ത് ഹെലികോപ്റ്റർ ഷോട്ട് കളിക്കാൻ ശ്രമിച്ചിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ ഇഷ്ടഷോട്ടായ ഹെലികോപ്റ്റർ ഷോട്ട്, അദ്ദേഹത്തോടുള്ള ആരാധനകൊണ്ടാണ് കളിക്കാൻ ശ്രമിക്കുന്നതെന്ന് മുൻപ് പന്ത് പറയുകയുണ്ടായി. ദീപക് ചാഹറിന്റെ ബോളിലായിരുന്നു പന്ത് ഈ ഹെലികോപ്റ്റർ ഷോട്ട് കളിച്ചത്.
ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പന്തിനെ ഒഴിവാക്കിയത് മുൻപ് കുറച്ചധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിൽ ഒരുപാട് വിക്കറ്റ് കീപ്പർമാരുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് പന്തിന് കൂടുതൽ അവസരങ്ങൾ നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല. എന്തായാലും ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്കായി പന്ത് കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ 54 ട്വന്റി20 മത്സരങ്ങളാണ് പന്ത് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 23 റൺസ് ശരാശരിയിൽ 883 റൺസും നേടിയിട്ടുണ്ട്. ആക്രമണോത്സുക ബാറ്റിംഗ് രീതി പിന്തുടരുന്ന പന്തിന്റെ സ്ട്രൈക്ക് റേറ്റ് 126.32 ആണ്. കൂടാതെ ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 3 അർത്ഥസെഞ്ച്വറികളും പന്ത് പേരിൽ ചേർത്തിട്ടുണ്ട്.
@RishabhPant17 hitting helicopter shot in nets#INDvHK #AsiaCup2022 pic.twitter.com/VIKD6WgM3Z
— @KHABARMENIA_SPORTS (@Vikas07K) August 31, 2022