ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് റിഷാഭ് പന്ത് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും ഇത് കാണാൻ സാധിച്ചു. മത്സരത്തിൽ 23 ബോളുകളിൽ 15 റൺസായിരുന്നു പന്ത് നേടിയത്. പക്ഷേ എത്ര മോശം പ്രകടനങ്ങൾ കാഴ്ചവെച്ചാലും ഇന്ത്യ പന്തിനെ പിന്തുണയ്ക്കുന്നതാണ് കഴിഞ്ഞ സമയങ്ങളിൽ കാണുന്നത്. പന്ത് ഒരു സ്പെഷ്യൽ കളിക്കാരനാണ് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
“ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത് റിഷഭ് പന്ത് ഒരു സ്പെഷ്യൽ കളിക്കാരനാണ് എന്ന് തന്നെയാണ്. അയാൾക്ക് ഒരുപാട് കഴിവുകളുണ്ട്. ഒരു x ഫാക്ടറാണ് അയാൾ. പക്ഷേ ട്വന്റി20യിലും ഏകദിനത്തിലും തന്റെ പ്രൗഢിയ്ക്കൊത്ത് ഉയരാൻ പന്തിന് സാധിച്ചിട്ടില്ല.”- ആകാശ് ചോപ്ര പറയുന്നു.
“ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ മാത്രമല്ല ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കീപ്പറാണ് പന്ത്. അയാളെക്കാൾ മികച്ച വെടിക്കെട്ട് ഇന്നിങ്സുകൾ കളിച്ച മറ്റൊരു ടോപ്പ് ഓർഡർ ബാറ്ററില്ല. പക്ഷേ സത്യമെന്തെന്നാൽ ട്വന്റി20യിലും ഏകദിനത്തിലും പന്ത് നന്നായി കളിച്ചില്ല എന്നത് തന്നെയാണ്. ഇത്രയധികം അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലാക്കാൻ പന്തിന് സാധിക്കാതെ വന്നു.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഈ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ റിഷാഭ് പന്തിന് വളരെയേറെ നിർണായകമാകുമെന്നും ചോപ്ര പറയുകയുണ്ടായി. “നിലവിൽ പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. അതിനാൽതന്നെ അടുത്ത രണ്ട് മത്സരങ്ങളിലും പന്ത് കളിക്കും. പക്ഷേ അതിനുശേഷം വലിയൊരു ചോദ്യമുയരും. ഈ പരമ്പരയും അടുത്ത പരമ്പരയും നന്നായി കളിച്ചില്ലെങ്കിൽ സെലക്ടർമാർ പന്തിന്റെ സ്ഥാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങും.”- ആകാശ് ചോപ്ര പറഞ്ഞുവരുന്നു.