ഇന്ത്യൻ ടീമിലെ പല ബാറ്റർമാരുടെയും ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിൽ അവ്യക്തതകൾ നിലനിൽക്കുകയാണ്. ട്വന്റി20 ലോകകപ്പിലും ഇത് കാണാൻ സാധിച്ചു. ഇന്ത്യക്കായി അഞ്ചാം നമ്പർ പൊസിഷനിലാണ് ലോകകപ്പിൽ റിഷഭ് പന്ത് കളിച്ചിരുന്നത്. എന്നാൽ മധ്യനിരയിൽ കളിക്കാൻ പാകത്തിന് ആത്മവിശ്വാസമുള്ള ക്രിക്കറ്ററല്ല പന്ത് എന്നാണ് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ പറയുന്നത്. പന്തിനെ മുൻനിരയിലേക്ക് മാറ്റിയാൽ മാത്രമേ അയാളുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കൂ എന്ന് ഉത്തപ്പ പറയുന്നു.
“അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ പന്തിന് ആത്മവിശ്വാസമുള്ളതായി തോന്നുന്നില്ല. കാരണം അയാൾ ഒരു ഫിനിഷറല്ല. എനിക്ക് തോന്നുന്നത് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും പ്രയാസമേറിയ സ്ഥാനങ്ങൾ നാലാം നമ്പരും അഞ്ചാം നമ്പരുമാണെന്നാണ്. കാരണം ഈ പൊസിഷനിൽ കളിക്കുന്ന ബാറ്റർമാർക്ക് ക്രീസിലുറയ്ക്കാൻ സമയം കിട്ടാറില്ല. ചില സമയത്ത് ടീം നന്നായി കളിക്കുമ്പോഴും, ടീം പ്രതിസന്ധിയിലാവുമ്പോഴും സമയം കിട്ടാറില്ല. എന്നെ സംബന്ധിച്ച് പന്തിന് ആ പൊസിഷൻ അഭികാമ്യമായി തോന്നുന്നില്ല.”- ഉത്തപ്പ പറഞ്ഞു.
“അയാൾ ഡൽഹി ഡയർഡെവിൾസിനായി ടോപ്പ് ഓർഡറിൽ സെഞ്ച്വറി പോലും നേടിയ ക്രിക്കറ്ററാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ കളിക്കാൻ പന്തിന് അവസരം ലഭിക്കുന്നില്ല. അങ്ങനെ അവസരം ലഭിക്കുകയാണെങ്കിൽ അയാൾ ഒരുപാടു റൺസ് നേടിയേക്കാം. ടെസ്റ്റ് മത്സരങ്ങളിലേതുപോലെ മാച്ച് വിന്നറായി മാറിയേക്കാം. അതിനാൽതന്നെ എനിക്ക് തോന്നുന്നു ടോപ് ഓർഡറാണ് പന്തിന് അഭികാമ്യം.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
2018ലാണ് പന്ത് ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറിയത്. ശേഷം പന്ത് ടെസ്റ്റ് ക്രിക്കറ്റിലും മറ്റും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. എന്നാൽ ട്വന്റി20കളിൽ കൃത്യമായ സ്ഥാനം ഉറപ്പിക്കാൻ പന്തിന് സാധിച്ചില്ല.