ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര നവംബർ 18നാണ് ആരംഭിക്കുന്നത്. സീനിയർ കളിക്കാർക്ക് ട്വന്റി20 ലോകകപ്പിന് ശേഷം വിശ്രമം അനുവദിച്ച ഇന്ത്യയെ, ഓൾറൗണ്ടർ ഹർദിക് പാണ്ട്യയാണ് പരമ്പരയിൽ നയിക്കുന്നത്. വലിയൊരു പരിക്കിൽ നിന്ന് തിരികെയെത്തിയ പാണ്ട്യ 2022 ലോകകപ്പ് സെമിയിലടക്കം മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യക്കായി കാഴ്ചവെച്ചത്. ഒരു നായകൻ എന്ന നിലയിൽ ഹർദിക് പാണ്ട്യ ഒരു സൂപ്പർസ്റ്റാറാണെന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പറയുന്നു.
“ഹർദിക്ക് തീർച്ചയായും ഒരു സൂപ്പർസ്റ്റാർ ആണ്. ഞാൻ ഹർദിക്കിനെതിരെ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച ഒരു മാച്ച് വിന്നർ തന്നെയാണ് പാണ്ഡ്യ. ഒപ്പം ഒരു ഓൾറൗണ്ടറും. ഐപിഎല്ലിലും പാണ്ട്യ വലിയ രീതിയിൽ വിജയമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് രോഹിത്തിന്റെയും വിരാടിന്റെയും ഒരുപാട് അനുഭവസമ്പത്തുള്ള മാർഗ്ഗനിർദേശങ്ങൾ കൈമുതലായുണ്ട്. അത് അവർക്ക് ഈ പരമ്പരയിൽ സഹായകമാവും”- വില്യംസൺ പറഞ്ഞു.
രോഹിത്തിനും വിരാടിനുമടക്കം മുൻനിര കളിക്കാർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്നത്. ഇതേ സംബന്ധിച്ച് വില്യംസൺ സംസാരിക്കുകയുണ്ടായി. “നിലവിലെ ഇന്ത്യൻ നിരയിലെ മുഴുവൻ കളിക്കാരെയും എനിക്കറിയാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഇത്രമാത്രം ഡെപ്ത് ഉള്ള മറ്റൊരു ടീമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാട് പുതുമുഖങ്ങൾ ടീമിലുണ്ട്. അവരിൽ എല്ലാവരും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടില്ലെങ്കിൽ തന്നെ, കുറച്ചു പേർക്ക് നല്ല പരിചയസമ്പന്നതയുണ്ട്. മികച്ച ടീം തന്നെയാണ് ഇന്ത്യ”- വില്യംസൺ പറയുന്നു.
2024 ട്വന്റി20 ലോകകപ്പിലേക്ക് ഒരു പുതിയ ടീം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിനു മുന്നോടിയായി ഹർദിക് പാണ്ട്യയ്ക്ക് തന്റെ നായകത്വ മികവ് പുറത്ത് കാട്ടാനുള്ള സമയം കൂടിയാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിലൂടെ വന്നു ചേർന്നിരിക്കുന്നത്.