ഐപിഎൽ ടീമുകൾ 2023 സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പല ടീമുകളും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ ടീമിലെത്തിക്കാൻ ഇപ്പോഴേ കണക്കുകൂട്ടലുകൾ തുടങ്ങി. കളിക്കാരെപോലെ തന്നെ പ്രധാനപ്പെട്ടതാണ് ടീമിന്റെ കോച്ചും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോൾ പഞ്ചാബ് കിങ്സ് ടീമാണ് കോച്ചിനായുള്ള വേട്ട ആരംഭിച്ചിരിക്കുന്നത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗണും ട്രെവൽ ബൈലിസുമാണ് പഞ്ചാബിന്റെ ലിസ്റ്റിൽ ഉള്ളവർ.
ഇന്ത്യയുടെ മുൻ സ്പിന്നർ അനിൽ കുംബ്ലെയായിരുന്നു പഞ്ചാബിന്റെ കോച്ച്. 2022 സെപ്റ്റംബറിൽ കുംബ്ലെയുമായുള്ള കോൺട്രാക്ട് അവസാനിപ്പിക്കുന്നതിനാലാണ് പുതിയ കോച്ചിനെ പഞ്ചാബ് തേടുന്നത്. Cricbuzz റിപ്പോർട്ടനുസരിച്ച് ഓയിൻ മോർഗണേയാണ് പഞ്ചാബ് ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളത്.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയക്യാപ്റ്റനായ മോർഗൻ ഈയടുത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ഹൺഡ്രഡ് ലീഗിൽ മോർഗൺ കളിക്കുന്നുണ്ട്. നിലവിൽ ഇതുവരെ മോർഗൻ യാതൊരുവിധ കോച്ചിംഗ് കരാറുകളും ഒപ്പിട്ടിട്ടില്ല. മോർഗണെകൂടാതെ വെറ്ററൻ ക്രിക്കറ്റർ ട്രാവൽ ബെയ്ലീസിനെയും പഞ്ചാബ് കിങ്സ് സമീപിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കോച്ചാണ് ബെയിലിസ്.
2019ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടുമ്പോൾ കോച്ചായിരുന്ന ബെയ്ലീസ് ഐപിഎല്ലിൽ കൊൽക്കത്ത ടീമിനും കിരീടം വാങ്ങിക്കൊടുത്തിട്ടുണ്ട്. അവസാനമായി സൺറൈസേഴ്സ് ടീമിനുവേണ്ടിയാണ് ബേയ്ലിസ് പരിശീലനം നടത്തിയത്. ഇവരെ കൂടാതെ ഒരു മുൻ ഇന്ത്യൻ കോച്ചിനെയും പഞ്ചാബ് കിങ്സ് സമീപിച്ചതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്തായാലും പല ടീമുകളും തങ്ങളുടെ തന്ത്രം മാറ്റുന്നതിന്റെ സൂചനകളാണ് ഐപിഎല്ലിൽ കാണുന്നത്.