സൂപ്പർ 4ലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. മുൻപ് ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ച് വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ അടിയറവ് പറയിക്കുകയുണ്ടായി. എന്നാൽ അന്ന് ഇന്ത്യയുടെ നെടുംതൂണായിരുന്ന സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ടീമിൽ ഉണ്ടാവില്ല എന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും സൂപ്പർ 4ലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലും ഇന്ത്യയ്ക്ക് തന്നെയാണ് വിജയ സാധ്യത എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ റീതിന്ദർ സോദി പറയുന്നത്.
പാകിസ്താൻ കളിക്കാരെക്കാൾ അനുഭവസമ്പത്ത് ഇന്ത്യൻ കളിക്കാർക്കുണ്ടെന്നാണ് സോദിയുടെ പക്ഷം. “ഇന്ത്യക്ക് തീർച്ചയായും കൂടുതൽ പരിചയസമ്പന്നതയുണ്ട്. കൂടാതെ ഒരുപാട് കളിക്കാരെ നമുക്ക് ആശ്രയിക്കാനും സാധിക്കും. എന്നാൽ പാകിസ്ഥാന്റെ കാര്യം അങ്ങനെയല്ല. അവർ കൂടുതലായി ആശ്രയിച്ചിരിക്കുന്നത് ക്യാപ്റ്റൻ ബാബർ അസമിനെ തന്നെയാണ്. ആസം വേഗത്തിൽ പുറത്താകുമ്പോൾ പാകിസ്ഥാൻ കൂപ്പുകുത്തി വീഴുന്നത് മുമ്പ് നാം കണ്ടതാണ്”- സോദി പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീമിന് പാകിസ്ഥാനുമേലുള്ള മേൽക്കോയ്മയെ കുറിച്ചും സോദി സംസാരിക്കുന്നുണ്ട്. “വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിന്റെ സ്ഥിതിയാകെ മാറ്റിയിട്ടുണ്ട്. കൂടാതെ ബാറ്റിങ്ങിലും ബോളിങ്ങിലും ഹർദിക് പാണ്ട്യ ഫോം കാട്ടുന്നത് ടീമിന് കൂടുതൽ ബാലൻസ് നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കെതിരേ ജയിക്കാൻ പാകിസ്ഥാൻ കുറച്ചധികം വിഷമിക്കേണ്ടി വരും എന്ന് ഉറപ്പാണ്.” സോദി കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ്ങ് ടീമിനെതിരെ വമ്പൻ വിജയം നേടിയാണ് പാകിസ്ഥാൻ മത്സരത്തിലേക്ക് വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ആദ്യപാദത്തിലെ രണ്ടുവിജയങ്ങളും ആത്മവിശ്വാസം നൽകുന്നുണ്ട്. ബദ്ധശത്രുക്കളായ ടീമുകൾ വീണ്ടും കളത്തിലിറങ്ങുമ്പോൾ ഫൈനലിന്റെ ആരവം തന്നെയാണ് അലയടിക്കാൻ പോകുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് ഇന്ത്യ-പാക് മത്സരം.