ആഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യ-പാക്ക് മത്സരത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചനാതീതം തന്നെയാണ്. മുൻ ക്രിക്കറ്റർമാരൊക്കെയും ഓരോ മാനദണ്ഡങ്ങളെടുത്ത് ഇന്ത്യയുടെയും പാകിസ്താന്റെയും വിജയസാധ്യതകൾ പറഞ്ഞുപോവുകയാണ് ചെയ്യുന്നത്. ഇരുടീമുകളും മറ്റു പരമ്പരകളിൽ ഒന്നുംതന്നെ ഏറ്റുമുട്ടാത്തതിനാൽ ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ-പാക് മത്സരങ്ങൾക്ക് ആവേശമേറെയാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരം 2022 ഏഷ്യകപ്പിൽ നടക്കുമ്പോൾ മുൻതൂക്കം ഇന്ത്യൻ ടീമിനാണെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സാബാ കരീം പറയുന്നത്. അതിനുള്ള കാരണമായി അദ്ദേഹം പറയുന്നത് ഇന്ത്യയുടെ പുതിയ ആക്രമണോൽസുകമായ ബാറ്റിംഗ് രീതിയാണ്.
കളിക്കാരുടെ ഫോമിന്റെ കാര്യത്തിൽ പാകിസ്ഥാനാണ് മുമ്പിലെങ്കിലും മത്സരത്തിന്റെ ആകെത്തുകയിൽ ഇന്ത്യയുടെ മനോഭാവം പ്രധാന പങ്കുവഹിക്കുമെന്ന് സാബാ കരീം പറഞ്ഞുവയ്ക്കുന്നു. “നിലവിലെ ഫോമെടുത്തു പരിശോധിച്ചാൽ ബാബാറാണ് തുടർച്ചയായി മത്സരങ്ങൾ കളിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്നത്.. പക്ഷേ പാകിസ്ഥാൻ ബാറ്റിംഗിന്റെ പ്രശ്നമെന്തെന്നാൽ അവരുടെ യാഥാസ്ഥിതിക സമീപനമാണ്. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യയുടെ സമീപനവും ഇങ്ങനെ തന്നെയായിരുന്നു.”- കരീം പറയുന്നു.
“ഇക്കാരണംകൊണ്ടുതന്നെ നമ്മുടെ തന്ത്രങ്ങൾ വിജയിക്കാനാണ് സാധ്യത. ഇന്ത്യ ഇപ്പോൾ കളിക്കുന്നത് ആക്രമണോത്സുകമായ ക്രിക്കറ്റാണ്. മൂന്നാം നമ്പറിൽ വിരാട് കോഹ്ലികൂടി ഈ മനോഭാവം തുടർന്നാൽ ഇന്ത്യയെ പിടിച്ചുകെട്ടുക എന്നത് പാകിസ്ഥാന് അത്ര എളുപ്പമാകില്ല. ഇക്കാര്യങ്ങൾ പാകിസ്ഥാനും നന്നായി അറിയാം ” സാബാ കരീം കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഭയമില്ലാത്ത ബാറ്റിംഗ് രീതിയാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഓരോ ബാറ്ററും ക്രീസിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നതിന് പകരം എല്ലാവരും വമ്പൻ ഷോട്ടുകൾ കളിച്ച് എതിർടീമിനെ സമ്മർദ്ദത്തിലാക്കുന്നതാണ് ഇന്ത്യയുടെ പുതിയ തന്ത്രം. ഈ രീതി ഇതുവരെ വളരെ വിജയകരവുമായിരുന്നു. പാകിസ്ഥാനെതിരെ ഈ രീതിയിൽ ഇന്ത്യയ്ക്ക വിജയം കാണാനാവുമെന്നാണ് സാബാ കരീം പറയുന്നത്.