കിവികളെ എറിഞ്ഞുതുരത്തി പേസ് ബോളർമാർ!! 4 വിക്കറ്റുകൾ വീതം വീഴ്ത്തി സിറാജും അർഷദ്ദീപും!!

   

ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ വെടിയുണ്ട ബോളിങ്ങുമായി ഇന്ത്യൻ പേസ് ബോളിഗ് നിര. പേസർമാരായ അർഷദ്ദീപ് സിംഗും മുഹമ്മദ് സിറാജും മത്സരത്തിൽ പൂർണമായും ന്യൂസിലാൻഡിന്റെ വേരിളക്കുകയായിരുന്നു. മത്സരത്തിൽ സിറാജും അർഷദ്ദീപും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇരുവരുടെയും മാസ്മരിക ബോളിങ്ങിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 160 എന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

   

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ അർഷദ്ദീപ് സിംഗ് തന്റെ ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ എറിഞ്ഞിട്ടു. ശേഷം സിറാജ് കൂടിയെത്തിയതോടെ ന്യൂസിലാൻഡ് വിറച്ചു. മൂന്നാമനായി ഇറങ്ങിയ ചാപ്മാനേ സിറാജ് വീഴ്ത്തി. ശേഷം ഫിലിപ്സ് (54) കോൺവെയെ(59) കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. ഒരു നിമിഷം ന്യൂസിലാൻഡ് 200 റൺസ് പിന്നിടും എന്നുപോലും തോന്നി.

   

എന്നാൽ മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇന്ത്യൻ ഫാസ്റ്റ് ബോളിങ്ങിന്റെ ഒരു മാരകവേർഷൻ തന്നെയാണ് കാണാൻ സാധിച്ചത്. 146ന് 3 എന്ന നിലയിൽ നിന്ന് ന്യൂസിലാൻഡിനെ ഇന്ത്യൻ സീമർമാർ 149ന് 9 എന്ന നിലയിലെത്തിച്ചു. മത്സരത്തിൽ നിശ്ചിത നാലോവറുകളിൽ 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് സിറാജ് നേടിയത്. അർഷദ്ദീപ് സിംഗ് 37 റൺസ് വിട്ടുനൽകി നാല് വിക്കറ്റുകൾ സ്വന്തമാക്കി. അവസാന വിക്കറ്റ് ഹർഷൽ പട്ടേലാണ് വീഴ്ത്തിയത്.

   

എന്തായാലും സീം ബോളിങ്ങിന്റെ ഉഗ്രൻ പ്രദർശനം തന്നെയാണ് നേപ്പിയറിൽ കണ്ടത്. ഇന്നിംഗ്സിന്റെ ഭൂരിഭാഗം സമയത്തും ന്യൂസിലാൻഡ് ബാറ്റർമാർ മത്സരത്തെ നിയന്ത്രിച്ചിട്ടും, ഇന്ത്യ അനായാസം തിരിച്ചുവരവ് നടത്തി. സിറാജിന്റെയും അർഷദ്ദീപിന്റെയും ഈ പ്രകടനം ഇന്ത്യക്ക് വളരെയേറെ പ്രതീക്ഷകൾ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *