നമ്മുടെ ഏകദിനത്തിലെ സമീപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്!! ഇതൊക്കെ മാറ്റിയേ തീരു – വെങ്കിടെഷ് പ്രസാദ്

   

2022 ലോകകപ്പിലടക്കം ഇന്ത്യയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ശേഷം ന്യൂസിലാൻഡിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ ഏകദിന പരമ്പര കളിച്ചുവെങ്കിലും അവരുടെ സമീപനത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ദൃശ്യമല്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ പരാജയത്തെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്.

   

ഇന്ത്യയുടെ ഏകദിനങ്ങളിലെയും ട്വന്റി20കളിലെയും സമീപനങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നാണ് വെങ്കിടേഷ് പ്രസാദ് പറയുന്നത്. “ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ കാര്യങ്ങളിൽ ഇന്ത്യ നൂതന ആശയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നിശ്ചിത ഓവർ ക്രിക്കറ്റിന്റെ കാര്യത്തിൽ മാത്രം നമ്മുടെ സമീപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2015ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായ ശേഷം ഇംഗ്ലണ്ട് ടീം കഠിനമായ ചില തീരുമാനങ്ങൾ എടുക്കുകയുണ്ടായി. അങ്ങനെ അവർ മികച്ച ഒരു ടീമായി മാറി. ഇന്ത്യയും ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.”- വെങ്കിടേഷ് പ്രസാദ് പറയുന്നു.

   

ഇന്ത്യ തങ്ങളുടെ സമീപനം പാടെ മാറ്റണമെന്നാണ് പ്രസാദ് പറയുന്നത്. “പൂർണമായും സമീപനത്തിൽ മാറ്റം വേണം. ഐപിഎൽ തുടങ്ങിയതിനുശേഷം നമ്മൾ ഒരു ട്വന്റി20 ലോകകപ്പ് നേടിയിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏകദിനങ്ങളിലും മോശം പ്രകടനങ്ങൾ നടത്തുന്നു. ദ്വിരാഷ്ട്രപരമ്പരകൾ മാത്രം വിജയിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യ പിഴവുകളിൽ നിന്ന് പഠിക്കുന്നില്ല. മാറ്റങ്ങൾ വരുത്തിയേ പറ്റൂ.”- വെങ്കിടേഷ് പ്രസാദ് കൂട്ടിച്ചേർക്കുന്നു.

   

മുൻപ് വീരേന്ദർ സേവാഗടക്കം പലരും ഇന്ത്യ നിശ്ചിത ഓവർ ക്രിക്കറ്റിൽ തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തുന്നതിനെ പറ്റി സംസാരിക്കുകയുണ്ടായി. എന്നാൽ ചർച്ചകൾക്കപ്പുറം ഇക്കാര്യങ്ങളിൽ യാതൊരു നടപടിയും ഇന്ത്യൻ ടീമിൽ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *