ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ പുരോഗമിക്കുകയാണ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഐതിഹാസികമായ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ നെതർലാൻസിനെയും പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ഇതിനുശേഷം ഇന്ത്യ സെമിയിലും ഫൈനലിലും എത്തുമോ എന്ന ചോദ്യം പലയിടത്തുനിന്നും ഉണ്ടായിരുന്നു. ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങളിൽ താൻ വളരെയേറെ സംതൃപ്തനാണ് എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. അടുത്ത മത്സരങ്ങളിൽ വിജയിച്ച് ഇന്ത്യ സെമിയിലെത്തുമെന്നും ഗാംഗുലി പറയുന്നു. “ഇന്ത്യ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. എന്തായാലും അവർ യോഗ്യത നേടും. എല്ലാം നന്നായി തന്നെ നടക്കുന്നുണ്ട്. ഇന്ത്യ ഫൈനലിൽ കളിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അവസാന രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് അവർ യോഗ്യത നേടട്ടെ.”- സൗരവ് ഗാംഗുലി പറഞ്ഞു.
നിലവിൽ രണ്ടാം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആദ്യ രണ്ടു സ്ഥാനക്കാർ മാത്രമേ സെമിയിലെത്തൂ എന്നതിനാൽ തന്നെ അടുത്ത രണ്ടു മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ പറ്റൂ. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്വേ, പാകിസ്ഥാൻ എന്നീ ടീമുകൾ തങ്ങളുടെ സെമിഫൈനൽ സാധ്യതകളിൽ പ്രതീക്ഷ വെച്ചുതന്നെയാണ് നിൽക്കുന്നത്. അതിനാൽ മത്സരങ്ങൾ കഠിനമാകുമെന്ന് ഉറപ്പാണ്.
ഇതുവരെ ഇന്ത്യയുടെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്നും കഴിഞ്ഞ മത്സരങ്ങളിൽ വരുത്തിയ പിഴവുകളാണ് ഇന്ത്യക്ക് വിനയായതെന്നും മുൻപ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. ഈ തെറ്റുകൾ ഇല്ലാതാക്കി എങ്ങനെയെങ്കിലും സെമിഫൈനലിൽ എത്താനാവും ഇന്ത്യ ശ്രമിക്കുന്നത്.