ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റുകൾ കൊയത കുൽദീപ് രണ്ടാം ഇന്നിങ്സിൽ ലിറ്റൻ ദാസിന്റെ വിക്കറ്റും സ്വന്തമാക്കുകയുണ്ടായി. പരുക്ക് മൂലം ഉണ്ടായ നിർഭാഗ്യം മാത്രമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കുൽദീപിനെ ബാധിച്ചത് എന്നാണ് ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്ര ഇപ്പോൾ പറയുന്നത്.
“കുൽദീപ് രാജ്യത്തിനായി ഇത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുൽദീപിനെ നിർഭാഗ്യം പിടികൂടിയിരുന്നു. പരിക്കുകൾ മൂലം കുറച്ചധികം മത്സരങ്ങൾ കുൽദീപിന് നഷ്ടമായി. അയാൾക്ക് കൈമുട്ടിന് പരിക്കേൽക്കുകയും സർജറി ചെയ്യുകയും ഉണ്ടായി. സ്ക്വാഡിലേക്ക് തിരിച്ചെത്തിയ ശേഷം മികച്ച രീതിയിൽ തന്നെയാണ് നെറ്റിൽ കുൽദീപ് ബോൾ ചെയ്തത്. ആ രീതിയിൽ നോക്കുമ്പോൾ വളരെയധികം നിർഭാഗ്യവാനാണ് അയാൾ “- മാമ്പ്ര പറയുന്നു.
“അയാൾ തിരിച്ചുവന്ന രീതി അങ്ങേയറ്റം സന്തോഷം നൽകുന്നതാണ്. നിലവിൽ കുൽദീപ് നല്ല പ്രകടനമാണ് നടത്തുന്നത്. ഏറ്റവും മികച്ച ഫിഗറുമായി തിരിച്ചുവരവ് നടത്തുന്നത് നല്ല കാര്യമാണ്. അയാളുടെ പ്രകടനത്തിൽ ഞാൻ വളരെ തൃപ്തനുമാണ്.”- മാമ്പ്ര കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം കുൽദീപ് തന്റെ ബോളിങ്ങിൽ വരുത്തിയ മാറ്റങ്ങളെപറ്റിയും മാമ്പ്ര വാചാലനായി. മുൻപ് അയാൾ പതിഞ്ഞ വേഗതയിലാണ് പന്തറിഞ്ഞതെന്നും എന്നാൽ പിന്നീട് കഠിനപ്രയത്നത്തിലൂടെ ബോളിന്റെ സ്പീഡ് വർദ്ധിപ്പിക്കുകയായിരുന്നുവെന്നും മാമ്പ്ര പറഞ്ഞു വെക്കുന്നു.