രാഹുലല്ല, ഹിറ്റ്‌മാനൊപ്പം ഇന്ന് ഓപ്പണിങ് ഇറങ്ങുന്നത് ഇവൻ!! സൂചന തന്നത് രോഹിത് തന്നെ

   

ഇന്ത്യയുടെ ഏഷ്യാകപ്പിലെ ആദ്യ മത്സരം ഇന്ന് നടക്കാനിരീക്കെ ഒരുപാട് സംശയങ്ങൾ പലയിടത്തുനിന്നും വരുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യ പരീക്ഷിക്കുന്ന ബാറ്റിംഗ് ഓർഡറും ബോളിംഗ് കോമ്പിനേഷനുകളും ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ കെ എൽ രാഹുലും വിരാട് കോഹ്ലിയും രോഹിത് ശർമയുമടക്കം ഒരുപാട് ഓപ്പണർമാർ ഇന്ത്യയ്ക്കുള്ളതിനാൽ ഇവരിൽ ആരൊക്കെയിറങ്ങും എന്നതിൽ വ്യക്തതയില്ല. എന്നാൽ രോഹിതും കോഹ്‌ലിയും ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങുന്നതിനുള്ള സൂചനകൾ ലഭ്യമായിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര പറയുന്നത്.

   

കോഹ്‌ലിയും രോഹിത്തും നെറ്റ്സെഷൻ സമയത്ത് ഒരുമിച്ചാണ് പരിശീലനത്തിന് ഇറങ്ങിയയെന്നും ഇത് ഇരുവരും ഓപ്പൺ ചെയ്യുന്നതിന്റെ സൂചനയാവാമെന്നും ചോപ്ര പറയുന്നു. “ഇന്ത്യയുടെ പരിശീലനസമയത്ത് വിരാട് കോഹ്ലിയും രോഹിത് ശർമയും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. ഇത് എന്തിനെങ്കിലുമുള്ള സൂചനയാണോ? ഒരുപക്ഷെ ഇരുവരും ഓപ്പൺ ചെയ്യുന്നതിന്റെ സൂചന. അങ്ങനെയെങ്കിൽ കെ എൽ രാഹുൽ പിന്നീട് ഇറങ്ങാനാണ് സാധ്യത.”- ആകാശ് ചോപ്ര പറയുന്നു.

   

അതോടൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ സംബന്ധിച്ച് തന്റെ അഭിപ്രായവും ചോപ്ര പറയുകയുണ്ടായി.”എനിക്ക് തോന്നുന്നത് രാഹുലും രോഹിത് ശർമയും ഓപ്പൺ ചെയ്യുന്നതാണ് നല്ലത് എന്നാണ്. അങ്ങനെയെങ്കിൽ കോഹ്ലി മൂന്നാം നമ്പരിൽ ഇറങ്ങണം. നാലാം നമ്പർ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങളുണ്ട്. എനിക്ക് തോന്നുന്നത് റിഷാഭ് പന്ത് നാലാം നമ്പറിൽ ഇറങ്ങുന്നതാണ് ഉത്തമമെന്നാണ്. സൂര്യകുമാർ യാദവ് അഞ്ചാമതും ഹർദിക് ആറാമതും ജഡേജ ഏഴാമതും ഇറങ്ങണം.

   

പിന്നീട് നാല് ബൗളർമാരും ഇന്ത്യൻ നിരയിൽ ഉണ്ടാവും. ചാഹലും മൂന്നു ഫാസ്റ്റ് ബോളർമാരും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പരയിൽ മികച്ച ഫോമിലായിരുന്നില്ല കെ എൽ രാഹുൽ കളിച്ചത്. അതിനാൽതന്നെ രാഹുൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുമെന്നത് സംബന്ധിച്ച് വ്യക്തതകൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *