പന്തും ഗില്ലുമല്ല, ഇന്ത്യയുടെ ട്വന്റി20 ഓപ്പണർ ആവേണ്ടത് അവനാണ്!! ആകാശ് ചോപ്ര പറയുന്നു

   

ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് യുവതാരങ്ങളെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പല മുൻ താരങ്ങളും പറയുകയുണ്ടായി. നിലവിലെ ഓപ്പണർമാരായ രോഹിത് ശർമയിൽ നിന്നും കെ എൽ രാഹുലിൽ നിന്നും ആക്രമണപരമായ സമീപനങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാൽ ഇന്ത്യയുടെ ഓപ്പണിംഗിലും മാറ്റങ്ങൾ ആവശ്യമാണ്. ഇഷാൻ കിഷനും സഞ്ജു സാംസനുമടക്കമുള്ള യുവതാരങ്ങൾ ഐപിഎല്ലിലും മറ്റുമായി ഓപ്പണിങ്ങിൽ മികവു കാട്ടിയിട്ടുണ്ട്. എന്നാൽ പൃഥ്വി ഷായെയാണ് ഇന്ത്യ ഓപ്പണർ വിഭാഗത്തിലേക്ക് ആദ്യം പരിഗണിക്കേണ്ടത് എന്നാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര പറയുന്നത്.

   

ട്വന്റി20യിൽ പൃഥ്വി ഷാ തന്നെയാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്യാൻ ഏറ്റവും യോഗ്യൻ എന്ന് ചോപ്ര പറയുന്നു. ” ഓപ്പണിങ്ങിനെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വരുന്ന നാമം പൃഥ്വി ഷായുടേതാണ്. പൃഥ്വി ഷാ സ്വാഭാവികമായി തന്നെ ആക്രമണപരമായി കളിക്കുന്ന ക്രിക്കറ്ററാണ്. പല ആളുകളും അയാളുടെ മുൻപ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടീമിൽ ഫിറ്റല്ല എന്നു പറയുന്നു. എന്നാൽ അയാളുടെ നമ്പർ പരിശോധിച്ചാൽ മനസ്സിലാവുന്നത് അയാൾ യോഗ്യനാണ് എന്നാണ്. “- ആകാശ് ചോപ്ര പറയുന്നു.

   

ട്വന്റി20യിൽ ഇന്ത്യയ്ക്ക് വേണ്ടത് അക്രമണകാരിയായ ഒരു ബാറ്റർ തന്നെയാണ് എന്ന നിലപാടിൽ ചോപ്ര ഉറച്ചുനിൽക്കുന്നു. “ഇന്ത്യയ്ക്ക് വേണ്ടത് ഒരു റോക്കറ്റ് തുടക്കമാണ്. ഷാ ഒരു റോക്കറ്റ് താരം തന്നെയാണ്. അയാൾ അനായാസം അടിച്ചുകറ്റും. എല്ലാ മത്സരങ്ങളിലും അയാൾ ഇത് ആവർത്തിക്കുമെന്നല്ല ഞാൻ പറയുന്നത്. ബട്ലറിനെയും ഹെയ്ൽസിനെയും പോലെയുള്ളവർ പോലും എല്ലാ മത്സരങ്ങളിലും ഇങ്ങനെ അടിച്ചുതകർക്കില്ലല്ലോ.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ സെലക്ടർമാർ കുറച്ചധികം ക്ഷമ കാണിക്കേണ്ടതുണ്ട് എന്നും ചോപ്ര പറയുന്നു. യുവതാരങ്ങൾക്ക് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നും, ആറ് മുതൽ 10 മാസം വരെ അവർക്ക് സമയം നൽകണമെന്നും ചോപ്ര കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *