ഇന്ത്യ-പാക് മത്സരങ്ങളിൽ ഒരുപാട് നാടകീയ സംഭവങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാവാറുണ്ട്. ചിലയിടത്ത് ഹാസ്യവും ചിലയിടത്ത് പകയുമൊക്കെ തോന്നുന്ന വികാരനിർഭരമായ നിമിഷങ്ങളാണ് ഈ ബദ്ധ ശത്രുക്കൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഉണ്ടാവാറുള്ളത്. അതേപോലെ ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടയിൽ രസകരമായ, എന്നാൽ കുറച്ച് ആശങ്കകൾ സൃഷ്ടിച്ച ഒരു സംഭവം ഉണ്ടായി.
ഇന്ത്യൻ ബാറ്റിംഗിന്റെ ഏഴാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ശതാബ് ഖാനെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം ബോളിൽ വിരാട് കോഹ്ലിയായിരുന്നു ബാറ്റിംഗ് ക്രീസിൽ. നോൺ സ്ട്രൈക്കർ എൻഡിൽ രോഹിത് ശർമയും. കോഹ്ലി ശദാബ് ഖാനെ ക്രീസിനു വെളിയിലേക്കിറങ്ങി ആക്രമിച്ചു. സ്ട്രൈറ് ഷോട്ട് കളിക്കാനായിരുന്നു കോഹ്ലിയുടെ ശ്രമം. എന്നാൽ ആ പവർഫുൾ ഷോട്ട് നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ഹിറ്റ്മാന് നേരെയായിരുന്നു വന്നത്. രോഹിത് പന്തിന്റെ വഴിയിൽനിന്ന് കുതറിമാറാൻ ശ്രമിച്ചെങ്കിലും ബോൾ രോഹിത്തിന്റെ കയ്യിൽ കൊള്ളുകയും, മൈതാനത്ത് വീഴുകയും ചെയ്തു.
എന്നാൽ പെട്ടെന്നുതന്നെ രോഹിത് ചാടിയെഴുന്നേറ്റ് സിംഗിളിനായി ഓടുകയും ചെയ്തു. ഭാഗ്യവശാൽ ബോൾ രോഹിത്തിന്റെ കയ്യിൽ കൊണ്ട ശേഷം ബോളറുടെ കയ്യിലെത്തിയില്ല. മാത്രമല്ല ഇന്ത്യയുടെ ഭാഗ്യത്തിന് രോഹിത്തിന് പരിക്കും പറ്റിയില്ല. സോഷ്യൽ മീഡിയയിൽ ഇത് ഹാസ്യാത്മകമായി പിന്നീട് പ്രചരിക്കുകയുണ്ടായി. രോഹിത് റണ്ണേടുക്കാത്തതിന് കോഹ്ലിയുടെ പ്രതികാരമാണെന്നും വിരാട് രോഹിത്തിനെ കൊല്ലാൻ ശ്രമിച്ചതാണെന്നുമൊക്കെയുള്ള ട്വീറ്റുകളാണ് വന്നത്.
മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല. 18 പന്തുകളിൽ കേവലം 12 റൺസ് മാത്രമായിരുന്നു രോഹിത് നേടിയത്. എന്നാൽ വിരാട് കോഹ്‌ലി മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. മറ്റു ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ച സമയത്ത് കോഹ്ലിയായിരുന്നു പാകിസ്ഥാന് ഭീഷണിയായത്.