ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര അല്പസമയത്തിനുള്ള ചിറ്റോഗ്രാമിൽ ആരംഭിക്കുകയാണ്. ഏകദിന പരമ്പരയിലെ അപ്രതീക്ഷിത പരാജയത്തിന് മറുപടി നൽകാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം ഉണ്ടാക്കാനുമാവും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തിൽ കളത്തിലിറങ്ങുന്ന ഇന്ത്യ ആശങ്കയിൽ തന്നെയാണ്. എന്നാൽ രോഹിത്തിന്റെ അഭാവം കോച്ച് രാഹുൽ ദ്രാവിഡിനടക്കം കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്.
“രോഹിത് ഉണ്ടായിരുന്നെങ്കിൽ ആദ്യ രണ്ടു ബാറ്റർമാരെ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചേനെ. കാരണം ശുഭ്മാൻ ഗില്ലും രാഹുലും സ്ക്വാഡിലുണ്ട്. എന്നാൽ ഇപ്പോൾ രോഹിത് ഇല്ലാത്തതിനാൽ പ്രശ്നം തീർന്നു. ആദ്യ ടെസ്റ്റിൽ ഗില്ലും രാഹുലും ഓപ്പൺ ചെയ്യും. മൂന്നാം നമ്പരിൽ പൂജാരയും നാലാം നമ്പറിൽ കോഹ്ലിയും ഇറങ്ങും. അഞ്ചാം നമ്പരിൽ ശ്രേയസ് അയ്യരും ആറാം നമ്പരിൽ പന്തും ഇറങ്ങും. ശേഷം അശ്വിനടക്കം 5 ബോളർമാരും. അതിനാൽതന്നെ രോഹിത് ഇല്ലാത്തതിനാൽ ദ്രാവിഡിന് സെലക്ഷൻ അല്പം അനായാസമായിട്ടുണ്ട്.”- കൈഫ് പറയുന്നു.
രോഹിത്തിന്റെ നായകത്വ മികവിനെപ്പറ്റിയും കൈഫ് സംസാരിക്കുകയുണ്ടായി. “ക്യാപ്റ്റൻ ആയതിനുശേഷം രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഏഷ്യാകപ്പും ലോകകപ്പും പോലെയുള്ള ടൂർണമെന്റുകൾ തേടുന്നില്ല എന്നുമാത്രം. വിരാട്ട് നായകനായിരുന്നപ്പോഴും ഇത് സംഭവിച്ചിരുന്നു. അന്നും നമുക്ക് ട്രോഫികൾ ഉണ്ടായിരുന്നില്ല.”- കൈഫ് പറയുന്നു.
വലിയ ടൂർണമെന്റുകളിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും മികച്ച റെക്കോർഡുകൾ തന്നെയാണ് ഇന്ത്യയ്ക്ക് ഉള്ളതെന്ന് കൈഫ് പറയുന്നു. ഒപ്പം ഉയർച്ചയും താഴ്ചയും ഉണ്ടാവുമെന്നും, രോഹിത് തന്റെ ആത്മവിശ്വാസം തുടരണമെന്നും കൈഫ് ഓർമ്മിപ്പിക്കുന്നു.