ഒരു സമയത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നിറസാന്നിധ്യം തന്നെയായിരുന്നു ബാറ്റർ ചെതേശ്വർ പൂജാര. എന്നാൽ ശേഷം പൂജാരയുടെ ഫോം നഷ്ടപ്പെടുകയും ഇന്ത്യ പൂജാരയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച പൂജാര തിരികെ ടീമിലെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു പൂജാര കാഴ്ചവെച്ചത്. പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരുപാട് പോരാടിയ ക്രിക്കറ്ററാണ് എന്നാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ ഇപ്പോൾ പറയുന്നത്.
പൂജാരയുടെ ഒന്നാം ഇന്നിങ്സിലെ ആക്രമണോത്സുകമായ ഇന്നിംഗ്സിനെ പറ്റി സംസാരിക്കുകയായിരുന്നു അജയ് ജഡേജ. “കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യ പൂജാരയെ ഒഴിവാക്കിയിരുന്നു. പരമ്പരയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ അയാളെ പുറത്താക്കിയ സെലക്ടർമാർ തന്നെ ഇപ്പോൾ അയാളെ ടീമിൽ ഉൾപ്പെടുത്തി. അതുതന്നെയാണ് അണ്ടർ 15 കളിക്കുമ്പോൾ മുതൽ പൂജാര തന്റെ കരിയറിലൂടനീളം നമുക്ക് കാട്ടിത്തന്നിട്ടുള്ളത്. അയാളുടെ പേര് സമരം എന്നതാണ്.”- ജഡേജ പറയുന്നു.
“മുൻപ് അയാളുടെ രണ്ട് കാൽമുട്ടിനും സർജറികൾ ചെയ്തിരുന്നു. അതിനുശേഷം അയാൾക്ക് വലിയ പ്രയാസമായിരുന്നു. എന്നാൽ പൂജാര പ്രയാസമുള്ള കാര്യങ്ങൾ നിരന്തരം ചെയ്തു. അയാളുടെ ക്രിക്കറ്റിനോടുള്ള സ്നേഹം വലുതാണ്. അയാളെ നമ്മൾ എവിടെ കളിക്കാൻ ഇറക്കിയാലും അയാൾ ഔട്ട് ആവില്ല. പൂജാര എപ്പോഴും ഷോട്ടുകൾ കളിക്കാറില്ല. എന്നാൽ റൺസ് കണ്ടെത്തും.”- ജഡേജ കൂട്ടിച്ചേർക്കുന്നു.
“പൂജാരയും വിരാട് കോഹ്ലിയും ഒരേ രേഖയിൽ തന്നെ കരിയർ കെട്ടിപ്പടുത്തവരാണ്. ഇരുവരും ഒരേ സമയത്ത് കളിച്ചു. പൂജാര, റൺസിന്റെ കാര്യത്തിൽ കോഹ്ലിയെക്കാൾ ഒരുപാട് പിന്നിലല്ല. എന്നാൽ കുറച്ചുകൂടി സ്റ്റൈൽ കോഹ്ലിക്കാണ്.”- ജഡേജ പറഞ്ഞുവയ്ക്കുന്നു.