ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ സൂപ്പർ 12 മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായ ശേഷമാണ് കോഹ്ലി ക്രീസിൽ എത്തിയത്. ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലാവാനും അവസാന നിമിഷം വരെ ക്രീസിൽ തുടരാനും കോഹ്ലിയ്ക്ക് സാധിച്ചു. ഇതിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ.
കോഹ്ലി ബംഗ്ലാദേശിനെതിരെ കളിച്ച രീതിയെയാണ് ഗംഭീർ അഭിനന്ദിക്കുന്നത്. “ആദ്യ പത്ത് ഓവറുകളിൽ, ഇന്നത്തേത് പോലെ ഇന്ത്യയ്ക്ക് നേരത്തെ വിക്കറ്റ് നഷ്ടമായാൽ, കോഹ്ലി കൂട്ടുകെട്ട് സൃഷ്ടിക്കാൻ ശ്രമിക്കും. ബംഗ്ലാദേശിനെതിരെ കെ എൽ രാഹുലും സൂര്യകുമാറും ക്രീസിലുള്ള സമയത്ത് രണ്ടാം ബാറ്ററായാണ് കോഹ്ലി കളിച്ചത്. സൂര്യകുമാർ പുറത്തായശേഷം തന്റെ ഹീറോ പരിവേഷം പുറത്തെടുത്തു.”- ഗംഭീർ പറയുന്നു.
ഇതോടൊപ്പം മറ്റുള്ളവരിൽ നിന്ന് കോഹ്ലിക്കുള്ള വ്യത്യാസത്തെകുറിച്ചും ഗംഭീർ പറയുകയുണ്ടായി. “കഴിവുള്ള ബാറ്റർമാർക്ക് മാത്രമേ കോഹ്ലിയെപ്പോലെ കളിക്കാൻ സാധിക്കൂ. വളരെ കുറച്ച് കളിക്കാർക്ക് മാത്രമേ ഒരു ഇന്നിംഗ്സ് ആങ്കർ ചെയ്യാനും ആക്രമണ സ്വഭാവത്തിൽ കളിക്കാനും പറ്റൂ. വില്യംസണും സ്റ്റീവ് സ്മിത്തിനും ജോ റൂറ്റിനും ബാബർ ആസമിനും ഇത്തരം കഴിവുകളില്ല.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കോഹ്ലിയായിരുന്നു മത്സരത്തിലെ താരം. ഒപ്പം ട്വന്റി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്രിക്കറ്ററായും കോഹ്ലി മാറിയിരുന്നു. എന്തായാലും കോഹ്ലിയുടെ ഈ മിന്നും ഫോം ലോകകപ്പിൽ ഇന്ത്യയ്ക്ക് വളരെയേറെ പ്രതീക്ഷകളാണ് നൽകുന്നത്.