ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രമാത്രം അനീതി നേരിട്ട മറ്റൊരാളില്ല സഞ്ജുവിനായി അലമുറയിട്ട് ട്വിറ്റർ

   

ഈ വർഷം ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്റർ സഞ്ജു സാംസനാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തനിക്ക് കിട്ടിയ അവസരങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉപയോഗിച്ച സഞ്ജുവിനെ ഇന്ത്യൻ സെലക്ടർമാർ എങ്ങനെയാണ് മറക്കുന്നത് എന്ന് ആർക്കുമറിയില്ല. ഇന്ത്യൻ ടീമിലെ നിലവിലെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ സഞ്ജു സാംസണാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിലൂടെ മനസ്സിലാവുന്നത്. അടുത്ത മൂന്ന് ടൂർണ്ണമെണ്ടുകളിൽ നിന്നും ബിസിസിഐ പൂർണമായും സഞ്ജുവിനെ ഒഴിവാക്കി. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

   

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രമാത്രം അനീതി നേരിട്ട മറ്റൊരു ക്രിക്കറ്ററില്ല എന്നാണ് പല ട്വീറ്റുകളും പറയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ ട്വന്റി20 മത്സരങ്ങൾ നോക്കിയാൽ സഞ്ജു തന്നെയാണ് മികച്ച ഇന്ത്യൻ ബാറ്ററെന്നും, അത് ബിസിസിഐക്ക് മറച്ചുവയ്ക്കാൻ ആവില്ലെന്നും ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു. സഞ്ജുവിനൊപ്പം ദീപക് ചാഹറിനെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും പലയിടത്തുനിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

   

ക്രിക്കറ്റിൽ രാഷ്ട്രീയം ഉണ്ടാവുമ്പോൾ കഠിന പ്രയത്നങ്ങൾക്ക് മൂല്യം ലഭിക്കാതെ വരുന്നുവെന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. 2002 ലെ കണക്കുകൾ പരിശോധിച്ചാൽ ഏകദിനങ്ങളിൽ 57.50മാണ് സഞ്ജു സാംസന്റെ ബാറ്റിംഗ് ശരാശരി. 2022ൽ ട്വന്റി20കളിൽ 5 ഇന്നിങ്സുകളിൽ നിന്ന് 179 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 44 റൺസാണ് സഞ്ജുവിന്റെ ശരാശരി.

   

ഇത്രയും റെക്കോർഡുകളുള്ള ഒരു കളിക്കാരനെ പൂർണമായി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ലോകക്രിക്കറ്റിലെ തന്നെ പ്രമുഖർ സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അനീതിപരമായ തീരുമാനങ്ങൾക്ക് ഒരിക്കലും വഴങ്ങരുതെന്ന നിർദ്ദേശം സഞ്ജുവിന് നൽകുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *