നിലവിൽ ടെസ്റ്റ് മത്സരങ്ങളെക്കാളും ഏകദിനങ്ങളെക്കാളും കാണികളുടെ സ്വീകാര്യത നേടിയെടുത്തിരിക്കുന്ന ക്രിക്കറ്റ് ഫോർമാറ്റാണ് ട്വന്റി20. മാത്രമല്ല ലോകത്താകമാനം ഫ്രാഞ്ചൈസി ട്വന്റി20 ക്രിക്കറ്റുകളും ഉദയം കൊണ്ടതോടെ മറ്റു ഫോർമാറ്റുകൾ ഇല്ലാതാവുമൊ എന്ന ഭയംകൂടെ വന്നിട്ടുണ്ട്. എന്നാൽ ഏകദിന ഫോർമാറ്റും ടെസ്റ്റ് ഫോർമാറ്റും ട്വന്റി20യോടൊപ്പം തന്നെ സ്വീകാര്യമായി നിൽക്കും എന്നാണ് ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറയുന്നത്.
“ക്രിക്കറ്റിന്റെ മുൻപോട്ടുള്ള വഴി ട്വന്റി20 ഫോർമാറ്റാണ് എന്നതിനോട് ഞാൻ യാതൊരു കാരണവശാലും യോജിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും ഇവിടെ തന്നെയുണ്ടാവും. കാരണം ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഐസിസി പരിശോധിക്കുന്നുണ്ട്. എന്തെന്നാൽ അല്ലാത്തപക്ഷം അവർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും നടത്താൻ സാധിക്കില്ല. എങ്ങനെ ക്രിക്കറ്റ് മുൻപിലോട്ട് പോകണം എന്നതിൽ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ക്രിക്കറ്റിനും ഒരു വലിയ പങ്കു തന്നെയുണ്ട്.”- വിരേന്ദർ സേവാഗ് പറയുന്നു.
ഇതോടൊപ്പം പല കാരണങ്ങൾ കൊണ്ടും ക്രിക്കറ്റ് കളിക്കാൻ പറ്റിയ സമയം ഇതാണെന്നും വീരു പറയുകയുണ്ടായി. “ക്രിക്കറ്റ് കളിക്കാൻ പറ്റിയ സമയം ഇതാണെന്ന് തോന്നുന്നു. എന്തെന്നാൽ ഈ സമയത്ത് നമുക്ക് രാജ്യത്തിനായി കളിക്കാൻ സാധിച്ചില്ലെങ്കിലും ട്വന്റി20 ലീഗുകളിൽ കളിക്കാൻ സാധിക്കും. അതിനാൽതന്നെ സാമ്പത്തികമായി മേൽക്കോയ്മ നേടാനും ഇത് സഹായകരമാകും.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ കുറച്ച് സമയമായി വമ്പൻ താരങ്ങൾ തങ്ങളുടെ രാജ്യത്തിനായി കളിക്കാതിരിക്കുകയും ഫ്രാഞ്ചസി ട്വന്റി20 ക്രിക്കറ്റിൽ അണിനിരക്കുകയും ചെയ്യുന്നുണ്ട്. പല വിൻഡിസ് താരങ്ങളും ന്യൂസിലാൻഡ് താരങ്ങളും ഇതിന്റെ ഭാഗമായി ദേശീയ ടീമിന്റെ സെൻട്രൽ കോൺടാക്ടിൽ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു.