ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ പരമ്പരകളിൽ 2-1ന് വിജയം നേടിയെങ്കിലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ഏഷ്യാകപ്പിലടക്കം ഇന്ത്യയുടെ മധ്യനിര തകരുന്നത് കണ്ടിരുന്നു. ശേഷം ഇന്ത്യൻ ബോളർമാർ ഒരുപാട് റൺസ് വിട്ടുനൽകുകയും ചെയ്തു.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നത്. പലപ്പോഴും ക്യാപ്റ്റൻ രോഹിതും കോച്ച് ദ്രാവിഡും ഈ പ്രശ്നങ്ങൾക്ക് മറ്റുമറുപടികൾ നൽകുമ്പോഴും, ഇന്ത്യക്ക് ഡെത്ത് ഓവർ ബോളിംഗ് തലവേദന തന്നെയായി നിൽക്കുന്നു എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പിന്നോട്ടടിക്കാൻ പോകുന്നതും ഡെത്ത് ഓവർ വിഭാഗമാണെന്ന് സാബാ കരീം പറയുന്നു. “രോഹിത് ഈ കാര്യങ്ങൾ എത്രമാത്രം തള്ളിക്കളഞ്ഞാലും, ബോളർമാർക്ക് ആത്മവിശ്വാസം നൽകിയാലും ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിംഗ് വലിയ പ്രശ്നം തന്നെയാണ്. അത് അംഗീകരിച്ചേ മതിയാകൂ. എനിക്ക് തോന്നുന്നത് ഇക്കാര്യം ടീം മാനേജ്മെന്റിന് ഒരുപാട് തലവേദനയുണ്ടാക്കുന്നുണ്ട് എന്നാണ്.മാത്രമല്ല നമ്മൾ ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റു പ്രശ്നങ്ങൾ ടീമിൽ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോൾ ഇന്ത്യയുടെ സ്ഥിരം കാഴ്ചയാണ്.”-കരീം പറയുന്നു.
“പവർപ്ലെയിൽ ഇന്ത്യയുടെ ബോളർമാർ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. കൃത്യമായി വിക്കറ്റുകളും വീഴ്ത്തുന്നുണ്ട്. എന്നാൽ ഇതോടൊപ്പം അവസാനഓവറുകളിൽ ഒരുപാട് റൺസ് വഴങ്ങുകയും ചെയ്യുന്നു. എന്തായാലും ഇക്കാര്യത്തിൽ ഉടൻ തന്നെ ഇന്ത്യ പരിഹാരം കണ്ടേ മതിയാവൂ.” – സാബാ കരീം പറഞ്ഞുവയ്ക്കുന്നു.
ഇതോടൊപ്പം ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറ്റവും പോസിറ്റീവാകാൻ പോകുന്ന കാര്യം സൂര്യകുമാർ യാദവിന്റെ ഫോമാണെന്നും കരിം പറയുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും തട്ടുപൊളിപ്പൻ ബാറ്റിങ് പ്രകടനങ്ങളായിരുന്നു സൂര്യകുമാർ കാഴ്ചവച്ചിരുന്നത്. അതിനാൽ തന്നെ രോഹിത്, രാഹുൽ, കോഹ്ലി എന്നിവരോടൊപ്പം സൂര്യകുമാറും ചേർന്നതോടെ ഇന്ത്യൻ ബാറ്റിംഗ് ശക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.