നിലവിൽ ഇന്ത്യയുടെ നിശ്ചിത ഓവർ മത്സരങ്ങളിൽ പ്രധാനമായും മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റർമാരാണുള്ളത്. റിഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ. മൂവരും ടീമിൽ ഇടം കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. ഇതിൽ പന്തിനു മാത്രമാണ് അല്പമെങ്കിലും സ്ഥിരസ്ഥാനം ഇന്ത്യൻ ടീമിൽ ലഭിക്കുന്നത്. ഇഷാൻ കിഷനും സഞ്ജു സാംസനും പലപ്പോഴും അവസരങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതിനാൽതന്നെ ടീമിലെ സ്ഥാനത്തിനായി ഇരുവരും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് എന്ന് പലരും വിലയിരുത്തുന്നു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഇഷാൻ കിഷൻ ഇപ്പോൾ.
സഞ്ജുവുമായി മറ്റു മത്സരങ്ങളൊന്നും നടക്കുന്നില്ല എന്നാണ് ഇഷാൻ കിഷൻ അഭിമുഖത്തിൽ പറഞ്ഞത്. “ഞാനും സഞ്ജുവും പരസ്പരം സഹായിച്ചു തന്നെയാണ് മുന്നോട്ടുപോകുന്നത്. കാരണം എല്ലാറ്റിനുമൊടുവിൽ ഞങ്ങൾ കളിക്കുന്നത് ഞങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചാണ്. അതിനാൽതന്നെ ഇന്ത്യ വിജയിച്ചാൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഞാൻ സെഞ്ചുറി നേടിയോ, സഞ്ജു സെഞ്ചുറി നേടിയോ, പന്ത് സെഞ്ചുറി നേടിയോ എന്നതിലല്ല കാര്യം. ടീം വിജയിക്കുക എന്നതാണ്.”- കിഷൻ പറയുന്നു.
“ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഞങ്ങൾ പരസ്പരം സഹായിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരം സംസാരിക്കാറുണ്ട്. ആരാണ് റൺസ് നേടുന്നത് എന്ന് ഞങ്ങൾ ചിന്തിക്കാറില്ല. ഞങ്ങൾ ഞങ്ങളിൽ തന്നെ ശ്രദ്ധിക്കുന്നു. ഓരോ ദിവസവും എങ്ങനെ മെച്ചപ്പെടാം എന്നും, രാജ്യത്തിനായി എങ്ങനെ മത്സരം വിജയിക്കാമെന്നും മാത്രം ചിന്തിക്കുന്നു.”- ഇഷാൻ കിഷൻ പറയുന്നു.
നിലവിൽ രഞ്ജി ട്രോഫിയിൽ ജാർഖണ്ഡ് ടീമിനായി കളിക്കുകയാണ് ഇഷാൻ കിഷാൻ, കേരളത്തിനെതിരായ മത്സരത്തിൽ കിഷൻ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. വരുന്ന മത്സരങ്ങളിലും കിഷാനെയും സഞ്ജുവിനെയും ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കുമെന്നാണ് വിശ്വാസം.