ഓസ്ട്രേലിയക്കെതിരെ അപ്രതീക്ഷിതമായ പരാജയമേറ്റുവാങ്ങുകയും പാക്കിസ്ഥാനെതിരെ വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്ത ഇന്ത്യൻ വനിതാ ടീമിന് നിർണായകമായ മത്സരം തന്നെയായിരുന്നു ബാർബഡോസ് ടീമിനെതിരെ നടന്നത്. ബെര്‍മിംഗമില്‍ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ അനായാസം തന്നെ വിജയം കാണുകയും ചെയ്തു. ബാറ്റിംഗില്‍ റോഡ്രിഗസും ഷഫാലി വര്‍മയും ഇന്ത്യയുടെ നെടുംതൂണായപ്പോൾ ബോളിങ്ങിൽ വീണ്ടും രേണുക താക്കൂർ തീതുപ്പി.
ബാർബഡോസ് ടീമിലെ അപകടകാരിയായ ബാറ്റർ ഡെൻട്രാ ഡോട്ടിന്റെ കുറ്റിതെറിപ്പിച്ച രേണുക താക്കൂറിന്റെ ബോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കൃത്യമായ ലൈനിലും ലെങ്തിലും പന്തറിഞ്ഞ രേണുകയുടെ മുൻപിൽ ഡോട്ട് ബോളുകൾ അനുവദിക്കേണ്ടി വന്നു ഡെന്‍ഡ്ര ഡോട്ടിന്. എന്നാൽ രണ്ട് ഡോട്ട് ബോളുകൾക്ക് ശേഷം ഡോട്ടിൻ രേണുകയെ ആക്രമിക്കാൻ തന്നെ തീരുമാനിച്ചു.
ഡോട്ടിന്‍ ക്രീസിന് വെളിയിലേക്കിറങ്ങി മിഡ്വിക്കറ്റിന് മുകളിലൂടെ ഒരു ശക്തമായ ഷോട്ടിനു ശ്രമിച്ചു. എന്നാൽ രേണുകയുടെ അപ്രതീക്ഷിത ഇൻസ്വിംഗറിന്റെ ലൈൻ കണ്ടെത്താൻ ഡോട്ടിന് സാധിച്ചില്ല. ബോൾ കൃത്യമായി ഡോട്ടിന്റെ കുറ്റിത്തെറിപ്പിച്ചു. വിക്കറ്റ് നേടിയ ശേഷം രേണുകയുടെ ആഘോഷം അങ്ങേയറ്റമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അവസാന മത്സരമാവേണ്ട കളിയിലാണ് ഡോട്ടിനെ രേണുക ഡക്കിന് പുറത്താക്കിയത്.
കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു ഡോട്ടിന്‍ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഡോട്ടിനെ കൂടാതെ മൂന്ന് വിക്കറ്റുകൾ കൂടി രേണുകൾ തൻറെ പേരിൽ ചേർക്കുകയുണ്ടായി. മത്സരത്തിൽ ആകെ കേവലം 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് രേണുക താക്കൂർ നേടിയത്. ഈ തകർപ്പൻ സ്പെല്ലിന്റെ ബലത്തിൽ ഇന്ത്യ അനായാസം വിജയം നേടുകയും ചെയ്തു.
Thakooor! #B2022#Cricket #CricketTwitter #INDvBAR pic.twitter.com/pfdA0kiUPe
— Asli BCCI Women (@AsliBCCIWomen) August 3, 2022