ഇന്ത്യൻ ബോളിംഗ് നിരയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ മോശംപ്രകടനം മുൻ ക്രിക്കറ്റർമാരെ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഏഷ്യാകപ്പിൽ മോശം സ്ക്വാഡ് സെലക്ഷനാണ് ഇന്ത്യയെ ബാധിച്ചത് എന്ന് പറയുമ്പോഴും അതിനപ്പുറമുള്ള പ്രശ്നങ്ങളാണ് ഓസീസിനെതിരെ ആദ്യ ട്വന്റി20യിൽ കാണാനായത്. ഓസ്ട്രേലിയക്കെതിരായ t20യിൽ ഇന്ത്യൻ പേസർ ഉമേഷ് യാദവ് ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്ത് മുൻപിലേക്ക് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഒരു മാനദണ്ഡവുമില്ലാതെയാണ് ഇന്ത്യ ഉമേഷിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്നാണ് നെഹ്റ പറയുന്നത്.
ഉമേഷ് യാദവിനു പകരം ഇന്ത്യ ദീപക് ചാഹറിനായിരുന്നു അവസരം നൽകേണ്ടിയിരുന്നത് എന്ന പക്ഷത്താണ് നെഹ്റ. മാത്രമല്ല കഴിഞ്ഞ കുറച്ചധികം മത്സരങ്ങളായി ഇന്ത്യൻ ടീമിൽ കളിക്കാത്ത യാദവിനെ ഉൾപ്പെടുത്തിയത് യാതൊരു മാനദണ്ഡവുമില്ലാതെയാണെന്നും നെഹ്റ പറയുന്നു. “സെലക്ടർമാരുടെ ലിസ്റ്റിൽ പോലും ഇല്ലാത്ത ആളാണ് ഉമേഷ് യാദവ്. എന്നിട്ടും അയാൾ ടീമിൽ ഇടംകണ്ടെത്തി.
എന്ത് ഉദ്ദേശത്തിലാണ് ഉമേഷിനെ ഇലവനിൽ ഉൾപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. ഇന്ത്യക്ക് ജസ്പ്രീത് ബുംറയെ കളിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്തതായി പരിഗണിക്കേണ്ടത് ദീപക് ചാഹറിനെയാണ്. എന്നാൽ ചാഹറിനെ ടീമിൽ ഉൾപ്പെടുത്തിയുമില്ല.”- നെഹ്ര പറയുന്നു. “ഞാൻ ഇതു പറയുന്നത് ഉമേഷ് യാദവ് ഒരുപാട് റൺസ് വഴങ്ങിയതിനാലല്ല. അയാൾ വളരെ നന്നായിതന്നെ കളിച്ചിരുന്നെങ്കിലും ഞാൻ ഇക്കാര്യം അഭിപ്രായമായി അറിയിച്ചേനെ.’- നെഹ്റ കൂട്ടിച്ചേർത്തു.
മുഹമ്മദ് ഷാമിയ്ക്ക് കോവിഡ് ബാധിച്ചതിനാലായിരുന്നു ഉമേഷ് യാദവിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ കേവലം രണ്ട് ഓവറുകൾ മാത്രമായിരുന്നു ഉമേഷ് യാദവ് എറിഞ്ഞത്. 27 റൺസ് വിട്ടു നൽകുകയും രണ്ടു നിർണായകമായ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു യാദവ്. എന്നാൽ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത് നെഹ്റയെ അസംതൃപ്തനാക്കിയിട്ടുണ്ട്.