ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നയാളാണ്. ഇടംകയ്യൻ ബോളറായ അർജുൻ ഐപിഎല്ലിൽ പലതവണ മുംബൈ സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും ടീമിൽ കളിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ ഹോം ടീമായ മുംബൈ വിട്ടു പുതിയ സീസണ് മുമ്പ് ഗോവ ടീമിൽ ചേക്കേറാൻ തയ്യാറാവുകയാണ് അർജുൻ.
അർജുൻ ടെണ്ടുൽക്കർ മുംബൈ വിടുന്ന കാര്യം SRT സ്പോർട്സ് മാനേജ്മെന്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. PTIയുടെ റിപ്പോർട്ടനുസരിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ അർജുൻ NOCക്ക് അപേക്ഷിച്ചിട്ടുണ്ട്. അത് അപ്രൂവാകുന്നപ്രകാരം മറ്റു സംസ്ഥാനത്തിനായി കളിക്കാൻ അർജുൻ യോഗ്യനാകും. ഇതോടൊപ്പം ഈ സമയത്ത് അർജുൻ കൃത്യമായി മത്സരങ്ങളിൽ പങ്കാളിയാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും SRT സ്പോർട്സ് മാനേജ്മെന്റ് പറയുന്നു.
“അർജുന്റെ കരിയറിലെ നിർണായകമായ സമയമാണിപ്പോൾ. പരമാവധി മത്സരങ്ങൾ അർജുൻ കളിക്കേണ്ടത് അയാളുടെ ആവശ്യമാണ്. ഞങ്ങൾ വിശ്വസിക്കുന്നത് ഇങ്ങനെ ഒരു മാറ്റം അർജുന് കൂടുതൽ മത്സരങ്ങൾ ലഭിക്കാനുള്ള അവസരമാകും എന്ന് തന്നെയാണ്. എന്തായാലും അയാൾ പ്രതിനിധീകരിക്കുന്നത് അയാളുടെ ക്രിക്കറ്റ് കരിയറിലെ പുതിയൊരു യുഗത്തെ തന്നെയായിരിക്കും”- SRT സ്പോർട്സ് മാനേജ്മെന്റ് പറഞ്ഞു.
ഇതോടൊപ്പം ഗോവ ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായവും വ്യക്തമാക്കി. തങ്ങൾ നല്ല കഴിവുള്ള ഒരു ഇടങ്കയ്യൻ ബോളറെ അന്വേഷിക്കുകയായിരുന്നുവെന്നും, അതിനാൽ തന്നെ അർജുൻ ടെൻഡുൽക്കറുടെ ഗോവ ടീമിൽ ചേക്കേറാനുള്ള തീരുമാനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു എന്നതാണ് ഗോവ ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്.