ഒരൊറ്റ തീരുമാനം.. ആ തീരുമാനത്തിലൂടെ ഒരാൾ ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററായി മാറുക. വളരെ അപൂർവമായ ഒന്നാണത്. ഇന്ത്യയുടെ മധ്യനിരയിൽ വല്ലപ്പോഴും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്ന ഒരു യുവക്രിക്കറ്ററായിരുന്നു രോഹിത് ശർമ. എന്നാൽ രോഹിത്തിനെ ഇന്ത്യയുടെ ഓപ്പണറാക്കാൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി ഒരു തീരുമാനം എടുത്തു. അതിനുശേഷം ക്രിക്കറ്റ് ലോകം കണ്ടത് രോഹിത് എന്നപേരിൽ നിന്ന് ഹിറ്റ്മാൻ എന്ന പേരിലേക്കുള്ള അയാളുടെ ഒരു മാറ്റമായിരുന്നു.
1987ൽ നാഗ്പൂരിൽ ജനിച്ച രോഹിത് മുംബൈ ക്രിക്കറ്റിന്റെ ജീവവായുവായി മാറിയത് കഠിനപ്രയത്നം കൊണ്ടുതന്നെയായിരുന്നു. മുംബൈയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയതോടെ 2007ൽ രോഹിത് ദേശീയ ടീമിലെത്തി. എന്നിരുന്നാലും ചിലപ്പോൾ മാത്രമായിരുന്നു മധ്യനിര ബാറ്റരായിരുന്ന രോഹിതിന് അവസരങ്ങൾ ലഭിച്ചത്. പിന്നീട് 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പ് രോഹിത്തിന് വഴിത്തിരിവായി മാറി. ടൂർണമെന്റിൽ നിർണായകമായ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മറ്റെല്ലാ ബാറ്റർമാരും മുട്ടുമടക്കിയപ്പോൾ രോഹിത് വീര്യം കാട്ടി.
പിന്നീട് രോഹിതിന്റെ ഭാഗ്യരേഖ തെളിയുകയായിരുന്നു. ആഭ്യന്തരക്രിക്കറ്റിൽ മുംബൈ ടീമിനായും ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ് ടീമിനായും രോഹിത് കളിച്ചു. എന്നാൽ രോഹിത്തിന്റെ തലവര മാറിയത് 2011ൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയത് മുതലായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ നായകനായി മാറിയ രോഹിത് പെട്ടെന്നുതന്നെ തന്റെ കഴിവുകൾ പുറത്തെടുത്തു. രോഹിതിന്റെ നായകത്വത്തിൽ 5 തവണയാണ് മുംബൈ ഐപിഎൽ കിരീടം ചൂടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലും രോഹിത്തിന്റെ നമ്പർ ഒട്ടും ചെറുതല്ല. ഇതുവരെ കളിച്ച 44 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് എട്ടു സെഞ്ച്വറികളടക്കം 3076 റൺസ് ഹിറ്റ്‌മാൻ നേടി. 231 ഏകദിനങ്ങളിൽ നിന്ന് 9359 റൺസും 128 ട്വന്റി20കളിൽ നിന്ന് 3371 റൺസുമാണ് രോഹിത് നേടിയിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് വരുന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷ തന്നെയാണ്.