അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെയും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെയും സൂപ്പർ ഓൾറൗണ്ടറാണ് മൊയിൻ അലി. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനങ്ങൾ നടത്തുന്ന അലി ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളുടെ ഭാഗവുമാണ്. ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കാൻ പോകുന്ന ട്വന്റി20 ലീഗിൽ ഐപിഎല്ലിലെ ചെന്നൈ ഫ്രാഞ്ചൈസിയുടെ ടീമായ ജോബർഗ് സൂപ്പർ കിംഗ്സ് നേരത്തെ അലിയെ ടീമിൽ എത്തിച്ചിരുന്നു. എന്നാൽ അലി സൂപ്പർ കിംഗ്സിനായി കളിക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിന്റെ അതേസമയത്ത് നടക്കുന്ന യുഎഇ ട്വന്റി20 ലീഗിൽ കളിക്കാനാണ് അലി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ടൂർണ്ണമെന്റുകളും ഒരേസമയം നടക്കുന്നത്തിനാലാണ് അലി യുഎഇ ട്വന്റി20 ലീഗിൽ കളിക്കാൻ തീരുമാനിച്ചത്. യുഎഇ ട്വന്റി ലീഗ് ടീമായ ഷാർജ വാരിയേഴ്സിലാണ് മോയിൻ അലി കളിക്കുക. ESPN Cricinfoയുടെ റിപ്പോർട്ട് പ്രകാരം മൊയിൻ അലി ഇരുലീഗ്‌കളിലുമായി കരാർ ഒപ്പിട്ടിരുന്നു.
എന്നാൽ ഇതിൽ ഏതു തെരഞ്ഞെടുക്കണമെന്ന അധികാരം സ്വയം രേഖപ്പെടുത്തിയായിരുന്നു കരാർ. ഷാർജ വാരിയേഴ്സ് ടീമിന്റെ ഒരു വീഡിയോയിലാണ് മൊയിൻ അലി തന്റെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞത്. “ഞാൻ ഒരു വിവരം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ILT20യുടെ ഉദ്ഘാടന സീസണിൽ ഞാൻ ഷാർജ വാരിയേഴ്സ് ടീമിനൊപ്പം കളിക്കുന്നതാണ്. ഇതൊരു മികച്ച ടൂർണമെന്റായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അതിനാൽ ഞാൻ യുഎഇയുടെ ട്വന്റി20 ലീഗുമായി മുന്നോട്ടുപോവുകയാണ്.” മൊയിൻ അലി പറഞ്ഞു.
നിലവിൽ ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗിനെക്കാളും പ്രചാരമേറിയിരിക്കുകയാണ് യുഎഇയുടെ ട്വന്റി20 ലീഗ്. മൊയിൻ അലി കൂടെ യുഎഇ ട്വന്റി20 ലീഗിലേക്ക് എത്തുന്നതോടെ ശ്രദ്ധ കൂടുതൽ അവിടേക്ക് പോകുമെന്ന് ഉറപ്പാണ്. നേരത്തെ ഫാഫ് ഡുപ്ലെസി നായകനായ ജോബർഗ് സൂപ്പർ കിങ്സിന്റെ പ്രധാനതാരമായി അലിയെ ടീമിലെത്തിച്ചിരുന്നു. എന്നാൽ ഈ പിന്മാറ്റം ടീം മാനേജ്മെന്റിനെ പോലും ഞെട്ടിച്ചിട്ടുണ്ട്.