2023ലെ ഐപിഎല്ലിലേക്കുള്ള മിനി ലേലത്തിന് കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള ക്രിക്കറ്റർമാർ അണിനിരക്കുന്ന ലേലത്തിൽ ഇന്ത്യയിൽ നിന്ന് ഒരു 40 കാരനുമുണ്ട്. ഇന്ത്യയുടെ സ്വന്തം അമിത് മിശ്ര. ഇത്തവണത്തെ ലേലത്തിലെ ഏറ്റവും പ്രായമേറിയ ക്രിക്കറ്റർ മിശ്രയാണ്. ഐപിഎല്ലിൽ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച മിശ്ര ഇത്തവണയും ഏതെങ്കിലും ടീമിൽ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. അതേപറ്റിയാണ് മിശ്ര സംസാരിക്കുന്നത്.
തന്റെ ക്രിക്കറ്റ് കരിയറിൽ 2-3 വർഷങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ് മിശ്ര വിശ്വസിക്കുന്നത്. “ക്രിക്കറ്റിൽ ഇനിയും എനിക്ക് രണ്ടുമൂന്നു വർഷങ്ങൾ അവശേഷിക്കുന്നുണ്ട്. ഞാൻ എന്റെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ എന്റെ കഴിഞ്ഞ വർഷത്തെ പ്രകടനം അത്ര മോശമല്ല. ഇത്തവണയും ഏതെങ്കിലും ഫ്രാഞ്ചൈസി എന്നെ ടീമിൽ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.”- അമിത് മിശ്ര പറയുന്നു.
“മുൻപ് ആളുകൾ കരുതിയിരുന്നത് ട്വന്റി20യുടെ അഭിനിവേശത്തോടെ ലെഗ് സ്പിന്നിന്റെ ഉപയോഗം കുറയുമെന്നായിരുന്നു. എന്നാൽ അവർക്ക് പൂർണമായും തെറ്റുപറ്റുകയാണ് ഉണ്ടായത്. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമല്ല ലെഗ് സ്പിൻ കാര്യക്ഷമമാകുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിലും അത് അനുയോജ്യമാണ്.”- അമിത് മിശ്ര കൂട്ടിച്ചേർക്കുന്നു.
“ഐപിഎല്ലിൽ ഞാനും ചാഹലുമാണ് ഏറ്റവും വിജയം കണ്ട രണ്ട് ഇന്ത്യൻ ബോളർമാർ. ഞങ്ങൾ രണ്ടുപേരും ലഗ് സ്പിന്നർമാരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ലെഗ് സ്പിന്നർമാർക്ക് അവസരം ലഭിക്കാത്തത് എന്ന് എനിക്കറിയില്ല.”- മിശ്ര പറഞ്ഞുവയ്ക്കുന്നു. ഐപിഎൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ 166 വിക്കറ്റുകളാണ് അമിത മിശ്ര നേടിയിട്ടുള്ളത്.