കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ദയനീയ പരാജയത്തിനുശേഷം ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് മനോഭാവത്തിൽ വലിയ രീതിയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ ക്രീസിൽ സമയം കണ്ടെത്തിയശേഷം അടിച്ചുതകർത്തിരുന്ന ഇന്ത്യൻ നിര ലോകകപ്പിനുശേഷം ഇന്നിങ്സിലെ ആദ്യ ബോൾ മുതൽ അടിച്ചുതൂക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഈ നിലപാട് ഇന്ത്യക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇന്ത്യയുടെ ഈ സമീപനത്തെ പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റർ മിസ്ബ ഉൽ ഹഖ്. തുടക്കം മുതൽ ആക്രമണപരമായി ബാറ്റ് ചെയ്യുന്നത് ഇന്ത്യയ്ക്ക് ഈ ലോകകപ്പിൽ ഗുണകരമാകും എന്നാണ് മിസ്ബാ പറയുന്നത്.
“കഴിഞ്ഞ ലോകകപ്പിന് ശേഷം ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് സമീപനത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ തീരുമാനിച്ചു. അതുവരെ ഇന്ത്യയുടെ സമീപനം പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് തന്ത്രത്തോട് സാമ്യമുള്ളതായിരുന്നു. എന്നാൽ പിന്നീട് അവർ ഇംഗ്ലണ്ട് ടീമിന്റേതിന് സമാനമായ ബാറ്റിംഗ് തന്ത്രം ഉപയോഗിച്ചു. പവർപ്ലേയിൽ പരമാവധി റൺസ് നേടാൻ ശ്രമിച്ചു. കോഹ്ലിയിലും രോഹിത്തിലും രാഹുലിലുമെല്ലാം ഈ സമീപനമാറ്റം കാണാമായിരുന്നു. ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചുവിടുന്നത് ഒരുതരത്തിൽ ഗുണമാണ്.”- മിസ്ബ പറയുന്നു.
ഈ സമീപനം ഇന്ത്യയുടെ ബാറ്റിംഗിന് പൂർണമായും സഹായിച്ചിട്ടുണ്ട് എന്നാണ് മിസ്‌ബയുടെ പക്ഷം. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ഇപ്പോഴത്തെ ശക്തിയ്ക്ക് കാരണം ഇതാണെന്നും മിസ്ബ പറയുന്നു. “സൂര്യകുമാർ യാദവ് നല്ല റേഞ്ചുള്ള ക്രിക്കറ്ററാണ്. ഇന്ത്യയുടെ ടോപ് ഓർഡറിൽ മാറ്റം കൊണ്ടുവന്നതിൽ അയാൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കൂടാതെ ഫിനിഷർ റോളിൽ ഇന്ത്യയ്ക്ക് പാണ്ട്യയും ദിനേശ് കാർത്തിക്കുമുണ്ട്.”- മിസ്ബാ കൂട്ടിച്ചേർക്കുന്നു.
ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര അങ്ങേയറ്റം മികച്ചതാണെന്ന നിലപാടാണ് മിസ്ബ ഉൾ ഹക്കിനുള്ളത്. കേ എൽ രാഹുലിനും രോഹിത് ശർമയ്ക്കും വിരാട് കോലിയ്ക്കുമൊപ്പം സൂര്യകുമാർ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന്റെ ശക്തി വലിയ രീതിയിൽ വർദ്ധിക്കുമെന്ന് മിസ്ബ കരുതുന്നു.