ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പുകൾ പരിശോധിച്ചാൽ ഭേദപ്പെട്ട ഗ്രൂപ്പ് ഇന്ത്യയടങ്ങുന്ന രണ്ടാമത്തെത് തന്നെയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമായിരുന്നു ഗ്രൂപ്പിലെ ശക്തന്മാർ. അതിനാൽതന്നെ ഇന്ത്യ വളരെ എളുപ്പത്തിൽ തന്നെ ലോകകപ്പിന്റെ സെമിയിലെത്തുമെന്ന് പലരും വിധിയെഴുതിയിരുന്നു. ആദ്യ മത്സരങ്ങളിൽ ഇന്ത്യ വിജയം കണ്ടതോടെ എല്ലാം അനായാസമായി. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരാജയമറിഞ്ഞതോടെ ഇന്ത്യ അല്പം പിന്നിലേക്ക് പോയി. അടുത്തമത്സരത്തിൽ സിംബാബ്വെയോട് വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്താനാവൂ. ഇന്ത്യ അത്ര അനായാസകരമായല്ല സൂപ്പർ പന്ത്രണ്ട് മത്സരങ്ങളിൽ വിജയം കണ്ടത് എന്നാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ പറയുന്നത്.
ലോകകപ്പിൽ യാതൊരു മത്സരങ്ങളും അനായാസമല്ലെന്നും മികച്ച പ്രകടനങ്ങൾ നടത്തി വിജയിച്ചാലെ സെമിയിൽ എത്താനാവുവെന്നും അശ്വിൻ പറയുന്നു. “ഞങ്ങൾ ഇവിടെ വരെ എത്തിയത് അനായാസമല്ല. കുറച്ചു മത്സരങ്ങൾ വളരെ ട്രിക്കിയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരവും പാക്കിസ്ഥാനെതിരായ മത്സരവുമൊക്കെ കഠിനം തന്നെയായിരുന്നു. ഈ നിമിഷം മുതൽ അത് മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”-അശ്വിൻ പറഞ്ഞു.
ഇന്ത്യ ഈ ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ല എന്ന റിക്കി പോണ്ടിങ്ങിന്റെ പ്രസ്താവനയ്ക്ക് അശ്വിൻ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “മത്സരം കാണുന്ന ആളുകൾ ഞങ്ങളോട് അഭിപ്രായങ്ങൾ പറയാറുണ്ട്. അതൊക്കെയും ഞങ്ങൾക്ക് പാഠങ്ങളാണ്. മത്സരത്തിൽ ചെറിയ മാർജിനുകൾ പോലും പ്രാധാന്യമേറിയതാണ്. ഞാൻ മുൻ ക്രിക്കറ്റർമാരോടും എക്സ്പേർട്സിനോടും സംസാരിക്കാറുണ്ട്. ഇതൊക്കെയും ഞങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്.”- അശ്വിൻ കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യയാണ് ഗ്രൂപ്പ് രണ്ടിൽ ഏറ്റവുമധികം പോയിന്റ്കളുടെ ഒന്നാം സ്ഥാനത്താണുള്ളത്. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുകൾ ഉള്ള സിംബാബ്വെ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. എന്നിരുന്നാലും സിംബാബ്വെയ്ക്കെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ്.