ബംഗ്ലാകടുവകളെ തുരത്തിയോടിച്ച് മന്ദനയും ഷഫാലിയും പവർ കണ്ടോടാ പവർ

   

വനിത ഏഷ്യാകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലും കൂറ്റൻ വിജയം നേടി ഇന്ത്യയുടെ പെൺപുലികൾ. പാകിസ്ഥാനോടേറ്റ പരാജയത്തിന് കണക്ക് തീർത്ത് വമ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ വനിതാ ടീം മത്സരത്തിൽ നടത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യ 59 റൺസിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ നാലാം വിജയമാണിത്. ഇതോടെ പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യത്തിൽ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തോട് ശരിവെക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ദാനയും അടിച്ചുതകർത്തു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ പാർട്ട്ണർഷിപ്പാണ് കെട്ടിപ്പടുത്തത്. 44 പന്തുകളിൽ അഞ്ചു ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 55 റൺസായിരുന്നു ഷഫാലി വർമ മത്സരത്തിൽ നേടിയത്. 38 പന്തുകളിൽ 47 റൺസായിരുന്നു മന്ദന നേടിയത്.

   

ഇരുവരും പുറത്തായശേഷം അൽപമൊന്നു പതറിയെങ്കിലും ഇന്ത്യയ്ക്കായി മൂന്നാം നമ്പർ ബാറ്റ് റോഡ്രിഗസ് തേര് തെളിച്ചു. അവസാന ഓവറുകളിൽ റോഡ്രിഗസ് അടിച്ചുതൂക്കിയതോടെ ഇന്ത്യ 159 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

   

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ മികച്ച തുടക്കം ബംഗ്ലാദേശിന് നൽകിയെങ്കിലും സ്കോറിംഗ് റേറ്റ് ഉയർത്താൻ അവർക്ക് സാധിച്ചില്ല. ഇതിനിടെ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ തുടങ്ങിയതോടെ ബംഗ്ലാദേശ് തകർന്നു. നിശ്ചിത 20 ഓവറിൽ 100 റൺസ് മാത്രം നേടാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ദീപ്തി ശർമയും ഷഫാലി വർമയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *