വനിതാ ഏഷ്യാകപ്പിന്റെ ഫൈനൽ ഇന്ന് നടക്കും. ശക്തരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനൽ നടക്കുക. ടൂർണമെന്റിലുടനീളം മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്താണ് ഇരുടീമുകളും വനിത ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. മുൻപ് ഇരുടീമുകളും ടൂർണമെന്റിന്റെ ലീഗ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു വിജയം. എന്നാൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഫൈനലിൽ എത്തിയ ശ്രീലങ്കൻ ടീമിനെ അത്ര വേഗത്തിൽ തള്ളിക്കളയാനുമാവില്ല.
സെമി ഫൈനലിൽ താരതമ്യേന ദുർബലരായ തായ്‌ലൻഡ് ടീമായിരുന്നു ഇന്ത്യയുടെ എതിരാളികൾ. അതിനാൽതന്നെ മത്സരത്തിൽ അനായാസ വിജയം നേടിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. എന്നിരുന്നാലും ഓപ്പണർ ഷഫാലി വർമയുടെ കഴിഞ്ഞ മത്സരങ്ങളിലെ ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സ്മൃതി മന്ദനയ്ക്ക് മികച്ച തുടക്കങ്ങൾ നൽകാൻ സാധിക്കുന്നുണ്ടെങ്കിലും പലപ്പോഴും വലിയ ഇന്നിങ്സുകൾ കളിക്കുന്നതിൽ പരാജയപ്പെടുന്നു. മൂന്നാം നമ്പർ ബാറ്ററായ ജമീമ റോഡ്രിഗസും മികച്ച ഫോം തുടരുകയാണ്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ മുൻനിരയാണ് ഫൈനലിലും ഇന്ത്യയുടെ പ്രതീക്ഷ എന്ന് നിസംശയം പറയാനാവും. എന്നാൽ ഇന്ത്യയെ അലട്ടുന്ന ഘടകം മധ്യനിര തന്നെയാണ്. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യയുടെ മധ്യനിര മികവുകാട്ടിയിട്ടില്ല. ക്യാപ്റ്റൻ ഹർമൻപ്രീറ്റ് കോർ ടൂർണ്ണമെന്റിൽ ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 72 പന്തുകൾ നേരിട്ട കോർ ടൂർണമെന്റിൽ 81 റൺസാണ് നേടിയിട്ടുള്ളത്. അതിനാൽ ഫൈനലിൽ മധ്യനിര മികവു കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.
ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം നടക്കുക. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഹോട്ട്സ്റ്റാറിലും മത്സരം തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. മികച്ച ഒരു പ്രകടനത്തോടെ ശ്രീലങ്കയെ മലർത്തിയടിച്ച് ഇന്ത്യൻ പെൺപുലികൾ ഏഷ്യാകപ്പ് ജേതാക്കളാകുമെന്ന് തന്നെയാണ് പ്രതീക്ഷ.