ഇന്ത്യൻ പ്രീമിയർ ലീഗ് ഒരുപാട് യുവക്രിക്കറ്റർമാരുടെ ഭാവിയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആരുമറിയാതെ കിടക്കുന്ന ഒരുപാട് നല്ല കളിക്കാരെ ദേശീയ ടീമിനായി കളിക്കാൻ പ്രാപ്തരാക്കിയതിൽ ഐപിഎല്ലിന്റെ പ്രാധാന്യം ചെറുതല്ല. അങ്ങനെ ഐപിഎൽ മൂലം ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ച ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസണും. ഐപിഎല്ലിൽ നിലവിൽ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായ സഞ്ജു തന്റെ കരിയറിൽ ഐപിഎല്ലിന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
“ക്രിക്കറ്റിനോടുള്ള എന്റെ സമീപനത്തിൽ മാറ്റം വരുത്തിയത് ഐപിഎല്ലാണ്. നേരത്തെ ഞാനെന്റെ ബാറ്റിംഗിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഒപ്പം എന്റെ മനോഭാവത്തിലും. എന്നാൽ രാജസ്ഥാൻ ടീമിന്റെ നായകനായതോടെ എന്റെ മനോഭാവം വ്യത്യസ്തമായി മാറി. നമ്മുടെ സ്വന്തം കാര്യത്തിൽ നിന്നും മത്സരത്തിലെ മറ്റു ഘടകങ്ങളിലേക്ക് കൂടുതലായി ശ്രദ്ധിക്കാൻ ആരംഭിച്ചു.”- സഞ്ജു പറയുന്നു.
ഇതിനൊപ്പം തുടർച്ചയായി ആഭ്യന്തരക്രിക്കറ്റിൽ കളിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സഞ്ജു വാചാലനാവുന്നുണ്ട്. ” കഴിഞ്ഞ 4-5 വർഷങ്ങൾ ഞാൻ വളരെ ആസ്വദിച്ചാണ് ആഭ്യന്തരക്രിക്കറ്റിൽ കളിക്കുന്നത്. ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുക എന്നതും അത്ര നിസാരകാര്യമല്ല. അങ്ങനെ കൂടുതലായി ആഭ്യന്തരക്രിക്കറ്റിൽ കളിക്കാനായതുകൊണ്ടാണ് ഞാൻ ഇന്ന് ഭേദപ്പെട്ട ക്രിക്കറ്ററായി മാറിയത്. “- സഞ്ജു കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ടീമിന്റെ നട്ടെല്ലായിരുന്നു സഞ്ജു. ഐപിഎല്ലിന്റെ 2022 സീസണിൽ 17 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച സഞ്ജു 458 റൺസാണ് നേടിയത്. ഇങ്ങനെ മികച്ച പ്രകടനങ്ങൾ കരിയറിലുടനീളം കാഴ്ചവെച്ചിട്ടും സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാത്തത് ഖേദകരം തന്നെയാണ്. ഒരുപാട് നാളത്തെ ഇടവേളക്കുശേഷമായിരുന്നു സഞ്ജുവിന് ഇന്ത്യയുടെ അയർലൻഡിനും വിൻഡീസിനും സിംബാബ്ബേക്കുമെതിരായ പരമ്പരകളിൽ കളിക്കാൻ അവസരം ലഭിച്ചത്.