നിലവിലെ ഇന്ത്യൻ ടീമിന്റെ ശക്തിയാണ് രോഹിത് ശർമ എന്ന ക്യാപ്റ്റൻ. 2022 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന ബാറ്ററുമാണ് ഹിറ്റ്മാൻ. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിലായിരുന്നു രോഹിത് തന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരം കളിച്ചത്. രോഹിത്തിന്റെ അരങ്ങേറ്റത്തിനു ശേഷം ഇന്ത്യയ്ക്കായി ആദ്യമത്സരം കളിച്ച കുറച്ചധികം കളിക്കാരുണ്ട്. എന്നാൽ ഇവരിൽ കുറച്ചധികംപേർ നേരത്തെ തന്നെ വിരമിക്കുകയും ചെയ്തു. അങ്ങനെ രോഹിത്തിന്റെ അരങ്ങേറ്റ ട്വന്റി20 മത്സരത്തിന് ശേഷം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുകയും ഇതിനകം തന്നെ വിരമിക്കുകയും ചെയ്ത 10 ഇന്ത്യക്കാരെ പരിശോധിക്കാം.
1. യൂസഫ് പത്താൻ : രോഹിത് അരങ്ങേറ്റം കുറിച്ചതിന് ദിവസങ്ങൾക്കുശേഷമായിരുന്നു യൂസഫ് പത്താൻ ഇന്ത്യയ്ക്കായി തന്റെ ആദ്യ ട്വന്റി20 മത്സരം കളിച്ചത്. 2007ലെ പ്രാഥമിക ട്വന്റി 20 ലോകകപ്പ് ഫൈനലിലായിരുന്നു യൂസഫ് ആദ്യമായി കളിച്ചത്. 2021ൽ യൂസഫ് വിരമിച്ചു.
2. മുരളി കാർത്തിക് : മുരളി കാർത്തിക് ഇന്ത്യക്കായി ഒരു ട്വന്റി20 മത്സരമേ കളിച്ചിട്ടുള്ളൂ. 2007ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു മത്സരം നടന്നത്.
3. പ്രവീൺകുമാർ : 2008ൽ ഓസ്ട്രേലിയയ്ക്കെതിരെ പ്രവീൺകുമാർ തന്റെ ആദ്യ ട്വന്റി20 മത്സരം കളിച്ചു. 2012ലാണ് അവസാനമായി പ്രവീൺകുമാർ ഇന്ത്യയ്ക്കായി കളിച്ചത്.
4. പ്രഗ്യാൻ ഓജ : 2009 ട്വന്റി20 ലോകകപ്പിലാണ് ഓജ ആദ്യ ട്വന്റി20 മത്സരം കളിച്ചത്. ഇന്ത്യക്കായി 6 ട്വന്റി20കൾ കളിച്ചിട്ടുള്ള ഓജ 2020ൽ വിരമിച്ചു.
5. ആശിഷ് നെഹ്റ : 2009ൽ ശ്രീലങ്കയ്ക്കെതിരെയാണ് നെഹ്റ കുട്ടിക്രിക്കറ്റിൽ അരങ്ങേറിയത്. 2017ൽ അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു.
6. സുധീപ് ത്യാഗി : ഇന്ത്യക്കായി ഒരു ട്വന്റി20 മത്സരം മാത്രമേ ത്യാഗി കളിച്ചിട്ടുള്ളു. അത് 2009ൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു.
7. വിനയകുമാർ : 2010ലെ ട്വന്റി20 ലോകകപ്പിൽ വിനയ്കുമാർ ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചു. 2021 ഫെബ്രുവരിയിലാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
8. രാഹുൽ ശർമ : തന്റെ കരിയറിൽ രണ്ടു ട്വന്റി20കൾ മാത്രം കളിച്ചിട്ടുള്ള രാഹുൽ ശർമ 2012ലാണ് അരങ്ങേറിയത്. 2022ൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു.
9. രാഹുൽ ദ്രാവിഡ് : തന്റെ കരിയറിൽ ഒരൊറ്റ ട്വന്റി20 മാത്രമാണ് ദ്രാവിഡ് കളിച്ചിട്ടുള്ളത്. അത് 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു. ശേഷം വിരമിക്കൽ പ്രഖ്യാപിച്ചു.
10. പാർഥിവ് പട്ടേൽ : 201l തന്റെ ആദ്യ ട്വന്റി20 കളിച്ച വിക്കറ്റ് കീപ്പറാണ് പാർഥിവ് പട്ടേൽ. 2020 ഡിസംബറിൽ പട്ടേൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.