പ്രധാനമായും ബാറ്റിംഗ് ഓർഡറിൽ മൂന്നാം നമ്പറിൽ കളിച്ചിരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നു സഞ്ജു. എന്നാൽ ഇന്ത്യൻ ടീമിലേക്ക് എത്തിയ ശേഷം വിവിധ ബാറ്റിംഗ് പൊസിഷനുകളിൽ സഞ്ജുവിന് കളിക്കേണ്ടി വരികയുണ്ടായി. ടീമിന്റെ ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമോക്കെ സഞ്ജു ബാറ്റിങ്ങിനിറങ്ങി. ഈ ബാറ്റിംഗ് പൊസിഷനുകളിള്ള മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ.
ഒരു ബാറ്റർ തന്റെ ടീമിനായി എല്ലാ പൊസിഷനിലും കളിക്കാൻ തയ്യാറാകണമെന്നാണ് സഞ്ജു സാംസൺ പറയുന്നത്.”കഴിഞ്ഞ കുറച്ചധികം വർഷങ്ങളിൽ ഞാൻ ശ്രമിച്ചിട്ടുള്ളത് വ്യത്യസ്തമായ പൊസിഷനുകളിൽ ബാറ്റ് ചെയ്യാനാണ്. നിലവിൽ ബാറ്റിംഗ് ഓർഡറിൽ എവിടെയും ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. നമുക്ക് സ്വന്തമായി നമ്മുടെ പൊസിഷൻ ഒരിക്കലും തീരുമാനിക്കാനാവില്ല. ഞാനൊരു ഓപ്പണറാണ്, ഞാനൊരു ഫിനിഷറാണ് എന്ന് ആളുകളോട് പറയാനും സാധിക്കില്ല. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വ്യത്യസ്തമായ പൊസിഷനുകളിൽ ബാറ്റ് ചെയ്തത് എന്റെ മത്സരത്തെ വളരെയധികം സഹായിച്ചിട്ടുമുണ്ട്”- സഞ്ജു പറയുന്നു.
നിലവിൽ ഇന്ത്യ എ ടീമിന്റെ നായകനായ സഞ്ജു അത്തരം മത്സരങ്ങളുടെയും പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. “ഇത്തരം മത്സരങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. അന്താരാഷ്ട്ര മത്സരങ്ങളും ഇന്ത്യ എ മത്സരങ്ങളും തമ്മിൽ അത്ര വലിയ വ്യത്യാസമില്ല. മത്സരം ഏകദേശം ഒരേപോലെ തന്നെയാണ്. അതിനാൽതന്നെ ഇത്തരം അവസരങ്ങൾ നല്ലരീതിയിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
ന്യൂസിലാൻഡ് എ ടീമിനെതിരായ മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ എ ടീമിനെയാണ് സഞ്ജു നയിക്കുന്നത്. സഞ്ജുവിനൊപ്പം രാഹുൽ ത്രിപാതിയും ഗൈക്കുവാഡും കുൽദീപ് യാദവും മത്സരത്തിൽ അണിനിരക്കുന്നുണ്ട്. എന്തായാലും ഈ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് സഞ്ജു ടീമിൽ തിരിച്ചെത്തുന്നത് തന്നെയാണ് വിശ്വാസം.