ഐപിഎല്ലിലെ കൊൽക്കത്ത ഫ്രഞ്ചസി ഉടമകളുടെ യുഎഇ ട്വന്റി20 ലീഗിലെ ടീമാണ് അബുദാബി നൈറ്റ് റൈഡേഴ്സ്. ലോകത്താകമാനം ലീഗ് ടീമുകളുള്ള നൈറ്റ് റൈഡഴ്സ് മാനേജ്മെന്റ് തങ്ങളുടെ അബുദാബി ടീമിലേക്കുള്ള 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. യുഎഇ ട്വന്റി20 ലീഗിൽ ഉദ്ഘാടനം സീസണിലേക്കുള്ള ടീമിനെയാണ് മാനേജ്മെന്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ നട്ടെല്ലായ വിൻഡിസ് ഓൾറൗണ്ടർമാർ സുനിൽ നരേനെയും ആൻഡ്രേ റസലിനെയും അബുദാബി ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരാവും അബുദാബി നൈറ്റ് റൈഡഴ്സിന്റെയും പ്രധാന ആകർഷണം. കൂടാതെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ ജോണി ബെയർസ്റ്റോയും സ്ക്വാഡിലുണ്ട്. അയർലൻഡിന്റെ ഓപ്പണിങ് ബാറ്റർ പോൾ സ്റ്റർലിങ്ങും കൂടി എത്തുന്നതോടെ നൈറ്റ് റൈഡഴ്സിന്റെ മുൻനിര ശക്തി പ്രാപിക്കുന്നു.
ഇവരെക്കൂടാതെ ശ്രീലങ്കൻ പേസർ ലഹിരു കുമാര, ബാറ്റർ ചരിത് അസലങ്ക, ദക്ഷിണാഫ്രിക്കൻ ഇടങ്കയ്യൻ ബാറ്റർ കോളിൻ ഇൻഗ്രാം, വിൻഡിസ് സ്പിന്നർ അക്കീൽ ഹൊസൈൻ എന്നിവരെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ സീക്കുക പ്രസന്ന, വിൻഡിസ് ഫാസ്റ്റ് ബോളർ രവി രാംപോൾ, റെയ്മർ റീഫർ, കെന്നാൽ ലൂയിസ്, അമേരിക്കൻ ക്രിക്കറ്റർ അലി ഖാൻ, നേതർലണ്ടുകാരൻ ബ്രേണ്ടൻ ഗ്ലാവർ എന്നിവർ ടീമിന്റെ നിറസാന്നിധ്യമാവും. 14 പേരിൽ 6 വൈൻഡിസുകാർ ഉണ്ട് എന്നതും ടീമിന്റെ പ്രത്യേകതയാണ്.
അടുത്ത വർഷം ജനുവരിയിലാണ് യുഎഇയുടെ ട്വന്റി20 ലീഗ് നിശ്ചയിച്ചിരിക്കുന്നത്. 6 ടീമുകളാവും പരസ്പരം ഏറ്റുമുട്ടുക. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത ടീമും സിപിഎല്ലിൽ ട്രിബാഗൊ ടീമും നൈറ്റ് റൈഡഴ്സ് ഫ്രഞ്ചസിയുടേതാണ്. ജോണി ബെയർസ്‌റ്റോയും പോൾ സ്റ്റിർലിങ്ങും ടീമിലെത്തിയതിന്റെ സന്തോഷം ഫ്രാഞ്ചസി ഇപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്.