കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം ഫോമിലായതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ക്രിക്കറ്ററൊണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കുറച്ചധികം നാളുകളായി തന്റെ പ്രതാപകാലഫോം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്ലിക്ക് ബിസിസിഐ ഒരുപാട് പരമ്പരകളിൽ നിന്നും മാറിനിൽക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ കോഹ്ലിയ്ക്ക് ഫോം വീണ്ടെടുക്കാൻ ഈ വിശ്രമങ്ങൾ ഗുണം ചെയ്യില്ല എന്നാണ് മുന്‍ ഇന്ത്യൻ ബാറ്റര്‍ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.
ഒപ്പം എല്ലാ ഇൻറർനാഷണൽ മത്സരങ്ങളും കളിച്ചാൽ മാത്രമേ കോഹ്ലിക്ക് ഫോമിലേക്ക് തിരിച്ചു വരാൻ സാധിക്കൂ എന്നും മഞ്ജരേക്കർ പറയുന്നു. മുന്‍ ഇന്ത്യൻ ക്യാപ്റ്റനായ കോഹ്ലി 2021 ട്വന്റി20 ലോകകപ്പിന് ശേഷം വെറും നാല് ട്വൻറി20കളാണ് കളിച്ചിട്ടുള്ളത്. ശേഷം കോഹ്ലി പലപരമ്പരകളിൽ നിന്നും വിട്ടുനിന്നു. ഇപ്പോൾ നടക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലും.
വരാൻപോകുന്ന സിംബാബ്വെക്കെതിരായ മത്സരങ്ങളിലും കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയുണ്ടായി. ”എനിക്ക് തോന്നുന്നത് അവൻ ഇനിയുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കണമെന്നാണ്. കാരണം കോഹ്ലി ആവശ്യത്തിന് ഇടവേളകൾ എടുത്തുകഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കാര്യമെടുത്താൽ കോഹ്ലി ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടില്ല. ” – മഞ്ജരേക്കർ പറയുന്നു.
”ഒരുപക്ഷേ നമുക്ക് അറിയാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം. ചിലപ്പോൾ അവര്‍ കോഹ്ലിയുമായി സംസാരിച്ചിരിക്കാം. പക്ഷേ എൻറെ കാഴ്ചപ്പാടിൽ ഇപ്പോൾ കോഹ്ലിയെ കളിപ്പിക്കുന്നതാവും അയാൾക്ക് തിരിച്ചു വരാൻ ഉത്തമം. ” – മഞ്ജരേക്കര്‍ കൂട്ടിച്ചേർത്തു. എന്തായാലും ഏഷ്യാകപ്പിലൂടെ കോഹ്ലി തന്റെ ഫോം വീണ്ടെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെയടക്കം പ്രതീക്ഷ..