അഫ്ഗാനിസ്ഥാൻ ടീമിലെ പ്രധാന സാന്നിധ്യമാണ് റാഷിദ് ഖാൻ. ബാറ്റർമാരെ എന്നെന്നും കുഴപ്പിക്കുന്ന റാഷിദ് ഐപിഎൽ അടക്കമുള്ള ട്വന്റി20 ലീഗുകളുടെ നിറസാന്നിധ്യമാണ്. ലോകത്താകമാനം ആരാധകരുള്ള റാഷിദ് ഏഷ്യകപ്പിനുള്ള സജീവ തയ്യാറെടുപ്പിൽ തന്നെയാണ്. വിരാട് കോലിയെയും ബാബർ ആസമിനെയും പോലെയുള്ള ലോകോത്തര നിലവാരമുള്ള ബാറ്റർമാരെ നേരിടുന്നതിനുള്ള തന്റെ മനോഭാവം തുറന്നുപറഞ്ഞിരിക്കുകയാണ് റാഷിദ് ഖാൻ ഇപ്പോൾ.
“ഒരു ബോളർ എന്ന നിലയിൽ എപ്പോഴും ലോകോത്തര നിലവാരമുള്ള ബാറ്റർമാർക്കെതിരെ എറിയാൻ ഞാൻ കാത്തിരിക്കുകയാണ്. അത്തരം കളിക്കാരെ നേരിടുന്നതിലൂടെ നമുക്ക് കൂടുതൽ പ്രചോദനങ്ങൾ ലഭിക്കും. അതിനാൽതന്നെ ബാബർ ആസാമിനെയും വിരാട് കോഹ്ലിയെയും കെയിൻ വില്ല്യംസനെയും പോലെയുള്ള ബാറ്റർമാർക്കെതിരെ ബോൾ ചെയ്യുമ്പോൾ ഞാൻ ഒരുപാട് സന്തോഷവാനാണ്. അവർ നമുക്ക് നല്ല മത്സരങ്ങൾ നൽകും. പിഴവുകൾ ലഘൂകരിക്കാനും സഹായിക്കും.”- റാഷിദ് ഖാൻ പറയുന്നു.
ഇത്തരം ബാറ്റർമാർക്കെതിരെ ഒരു ലൂസ് ബോളുപോലും എറിയാനാവില്ല എന്നാണ് റാഷിദ് ഖാൻ പറയുന്നത്. ഇതോടൊപ്പം അഫ്ഗാൻ ടീമിന്റെ ഏഷ്യാകപ്പ് സാഹചര്യങ്ങളെക്കുറിച്ചും റാഷീദ് ഖാൻ പറയുന്നു.” ഞങ്ങളുടെ കളിക്കാർ വൈകിയും പ്രാക്ടീസ് ചെയ്യാറുണ്ട്. മൈതാനത്ത് മഞ്ഞുതുള്ളികൾ ഒന്നും തന്നെ ഉണ്ടാവാറില്ല. മത്സരങ്ങളിലും മഞ്ഞുതുള്ളികൾ പ്രശ്നമാവില്ല എന്ന് തന്നെയാണ് കരുതുന്നത്. എന്തായാലും വരും ദിവസങ്ങളിലേ മറ്റുകാര്യങ്ങൾ പറയാനാവൂ. “- റാഷിദ് കൂട്ടിച്ചേർത്തു.
നാളെയാണ് പതിനഞ്ചാം എഡിഷനിലെ ആദ്യ ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഏഷ്യയിലെ 6 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. നിലവിൽ അഫ്ഗാനിസ്ഥാൻ ഏഷ്യകപ്പിലെ ബി ഗ്രൂപ്പിലാണുള്ളത്. ശ്രീലങ്കയും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ബിയിലെ മറ്റു രാജ്യങ്ങൾ. ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെയാണ് നേരിടുന്നത്.