ഇന്ത്യയുടെ സീനിയർ താരങ്ങൾക്ക് ന്യൂസിലാൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. പരമ്പരകളിൽ നിന്ന് രോഹിത്തും കോഹ്ലിയും രാഹുലും വിട്ടുനിന്നു. ഈ തീരുമാനം വളരെയധികം തെറ്റായിപ്പോയി എന്നാണ് ഇന്ത്യൻ താരം സാബാ കരീം പറയുന്നത്. സീനിയർ കളിക്കാർക്ക് പര്യടനത്തിൽ വിശ്രമം അനുവദിച്ചത് അവരുടെ ഫോമിനെയും ബാധിച്ചിട്ടുണ്ട് എന്ന് സാബാ കരീം പറയുന്നു.
കോഹ്ലിയുടെ ലോകകപ്പിലെ ഫോമാണ് കരീം ഇതിന് ഉദാഹരണമായി എടുക്കുന്നത്. “ലോകകപ്പിൽ മികച്ച ഫോമിൽ തന്നെയായിരുന്നു വിരാട് കോഹ്ലി കളിച്ചിരുന്നത്. എന്നിട്ടും ഇന്ത്യ അയാളെ ന്യൂസിലാൻഡിലേക്ക് കൊണ്ടുപോയില്ല. അതേപോലെ രോഹിത് ശർമയും കെഎൽ രാഹുലും ആ പര്യടനത്തിൽ ഉണ്ടായിരുന്നില്ല. ഈ മൂന്നുപേരും ബംഗ്ലാദേശ് പര്യടനത്തിലൂടെയാണ് ടീമിൽ തിരികെയെത്തിയത്. എന്നാൽ അവർക്ക് വീണ്ടും ഫോം കണ്ടെത്താൻ കുറച്ചുസമയം ആവശ്യമായി വരുന്നു.
ശ്രേയസ് അയ്യർ മാത്രമാണ് തുടർച്ചയായി ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കുന്നത്. അയാൾ മാത്രമാണ് സ്ഥിരമായി റൺസ് നേടുന്നതും.”- സാബാ കരീം പറയുന്നു. ഇതോടൊപ്പം ടീം സെലക്ഷന്റെ കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് സംശയങ്ങൾ നിലനിൽക്കുന്നതായും കരീം പറയുന്നു. “ഇവിടെ ഒരുപാട് സംശയങ്ങളുണ്ട്. നമ്മൾ പിന്തുണ നൽകുന്ന കളിക്കാർക്ക് പിന്തുണ ലഭിക്കുന്നില്ല. ഒരു കളിക്കാരൻ ഫോമിലേക്ക് തിരിച്ചെത്തിയാൽ അയാൾക്ക് വിശ്രമം നൽകുന്നു. ഫോമിൽ അല്ലാത്ത കളിക്കാർക്കു ടീമിൽ കളിക്കാൻ അവസരവും ലഭിക്കുന്നു.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിനെതിരായ രണ്ട് ഏകദിനങ്ങളിലും വിജയ പൊസിഷനിൽ തന്നെയായിരുന്നു ഇന്ത്യ. ശേഷം മത്സരങ്ങൾ അതിവിദഗ്ധമായി ബംഗ്ലാദേശ് തട്ടിയെടുക്കുകയാണ് ഉണ്ടായത്. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തിൽ 5 റൺസിനുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.