2022 ലോകകപ്പിൽ നിന്ന് നിരാശജനകമായ രീതിയിലായിരുന്നു ഇന്ത്യ പുറത്തായത്. സെമിഫൈനലിൽ ഇംഗ്ലണ്ടിതിരെ ഇന്ത്യ പൊരുതാൻ പോലും തയ്യാറായില്ല. ഈ അവസരത്തിൽ ശക്തമായ മറ്റൊരു ടീം ഇന്ത്യ കെട്ടിപ്പടുക്കണം എന്ന നിലപാടാണ് മുൻ ക്രിക്കറ്റർമാർക്കുള്ളത്. ഈ സാഹചര്യത്തിൽ നിലവിലുള്ള പല സീനിയർ കളിക്കാരും ട്വന്റി20യിൽ നിന്ന് വിട്ടുനിൽക്കണമെന്നും താരങ്ങൾ പറയുന്നു. 2024 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ സാധ്യതയില്ലാത്ത കുറച്ച് സീനിയർ കളിക്കാരെപറ്റിയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ ഇപ്പോൾ സംസാരിക്കുന്നത്.
“ട്വന്റി ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റിനോട് യാത്ര പറയാൻ തയ്യാറായി നിൽക്കുന്ന മൂന്ന് ക്രിക്കറ്റർമാർ രോഹിത് ശർമയും ദിനേശ് കാർത്തിക്കും രവിചന്ദ്രൻ അശ്വിനുമാണ്. എന്തായാലും ടീം മാനേജ്മെന്റ് ഒരു മീറ്റിംഗ് വിളിക്കുകയും, അവരുടെ പ്ലാനുകൾ അന്വേഷിച്ചറിയുകയും ചെയ്യും. യുവ കളിക്കാർക്ക് ഇത്തരം സീനിയർ കളിക്കാർ മാറി കൊടുക്കേണ്ട സമയമാണിത്.”- പനേസർ പറയുന്നു.
“വിരാട് കോഹ്ലി മികച്ച ഫോമിലാണുള്ളത്. നിലവിലെ ഇന്ത്യൻ കളിക്കാരിൽ ട്വന്റി20ക്ക് ഏറ്റവും അനുയോജ്യനായ ക്രിക്കറ്റർ വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ ഫിറ്റ്നസ് വച്ചുനോക്കുമ്പോൾ പ്രായം ഒരു നമ്പർ മാത്രമാണ്. 2024ലെ ട്വന്റി20 ലോകകപ്പിലും നമുക്ക് കോഹ്ലിയെ കാണാൻ സാധിക്കും. എന്നാൽ അന്ന് രോഹിത് ശർമ ടീമിലുണ്ടാകുമെന്ന് തോന്നുന്നില്ല. ഒപ്പം അശ്വിനും കാർത്തിക്കും ഉണ്ടാവാനും സാധ്യതയില്ല. മാത്രമല്ല കൂടുതൽ കളിക്കാർ വിരമിക്കുകയും ചെയ്യും.”- പനേസർ കൂട്ടിച്ചേർക്കുന്നു.
ഈ മൂന്നു കളിക്കാർ ട്വന്റി20യിൽ നിന്ന് വിരമിച്ച് ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പനേസർ പറയുന്നത്. ഇത് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുകയും, 2024ൽ ഒരു മികച്ച ടീം കെട്ടിപ്പടുക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.