റെക്കോഡുകളുടെ തമ്പുരാനാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. മറ്റൊരു ഇന്ത്യൻ താരത്തിനും നേടാനാവാത്ത പല റെക്കോർഡുകളും കോഹ്ലി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിലും ഇതാവർത്തിച്ചു.മറ്റൊരു ഇന്ത്യക്കാരനും സാധ്യമാകാത്ത ഒരു റെക്കോർഡാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ 11,000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി വിരാട് കോഹ്ലി മാറി. ലോകക്രിക്കറ്റിൽ ട്വന്റി20കളിൽ 11,000 റൺസ് നേടുന്ന നാലാമത്തെ ക്രിക്കറ്ററാണ് വിരാട് കോഹ്ലി.
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വന്റി20യിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 28 പന്തിൽ 49 റൺസായിരുന്നു വിരാട് നേടിയത്. ഇതിൽ 7 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. മാത്രമല്ല സൂര്യകുമാറിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ ഒരു സെഞ്ചുറി കൂട്ടുകെട്ടും വിരാട് കെട്ടിപ്പടുക്കുകയുണ്ടായി. കോഹ്ലി മികച്ച ഫോമിലേക്ക് തിരിച്ചുവന്നതിന്റെ മറ്റൊരു സൂചന കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ ഇന്നിംഗ്സ്.
നിലവിൽ മൂന്നു താരങ്ങളാണ് ട്വന്റി20 റൺവേട്ടയിൽ കോഹ്ലിക്ക് മുൻപിൽ ഉള്ളത്. ഇതിൽ ഒന്നാം സ്ഥാനത്ത് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലാണുള്ളത്. ഗെയിൽ തന്റെ ട്വന്റി20 കരിയറിൽ 14,562 റൺസാണ് നേടിയിട്ടുള്ളത്. രണ്ടാംസ്ഥാനത്തുള്ളത് വിൻഡീസിന്റെ മറ്റൊരു വെടിക്കെട്ട് വീരനായ കീറോൺ പൊള്ളാർഡാണ്. 11,915 റൺസാണ് പൊള്ളാർഡിന്റെ സമ്പാദ്യം. പാകിസ്ഥാൻ ബാറ്റർ ഷുഹൈബ് മാലിക്ക് ട്വന്റി20കളിൽ 11,902 റൺസുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇവർക്ക് ശേഷമാണ് വിരാട് കോഹ്ലിയുടെ സ്ഥാനം.
109 അന്താരാഷ്ട്ര ട്വന്റി20കൾ കളിച്ചിട്ടുള്ള കോഹ്ലി ഇന്ത്യക്കായി 3712 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 33 അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. ഐപിഎല്ലിൽ 223 മത്സരങ്ങളിൽനിന്ന് 6624 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. ഇതിൽ 44 അർത്ഥസെഞ്ച്വറികളും 5 സെഞ്ച്വറികളുമുണ്ട്. ബാക്കി 694 റൺസ് ആഭ്യന്തര ക്രിക്കറ്റിൽ നിന്നാണ് കോഹ്ലി നേടിയിട്ടുള്ളത്.