ഈ വർഷം ജനുവരിയിലാണ് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലി തന്റെ നായകസ്ഥാനം രാജിവെച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനപരമ്പര 1-2 മാർജിനിൽ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം. അതിനുശേഷം ഏഴുമാസങ്ങൾ കഴിഞ്ഞെങ്കിലും കോഹ്ലിയുടെ നായകസ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ കൂടുതൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ബിസിസിഐയുടെ ഒരു ഒഫീഷ്യൽ.
ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് നിലവിൽ കോഹ്ലിയുടെ ഈ തീരുമാനത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. ക്യാപ്റ്റൻസി രാജിവയ്ക്കാനുള്ള തീരുമാനം കോഹ്ലി മാത്രമായി എടുക്കുകയായിരുന്നു എന്നാണ് അരുൺ ധുമാൽ പറയുന്നത്. അദ്ദേഹത്തിൻറെ തീരുമാനത്തെ ബഹുമാനിക്കുക മാത്രമാണ് ബോർഡ് അന്ന് ചെയ്തത്.
”ക്യാപ്റ്റൻസിയെ സംബന്ധിച്ച് അത് വിരാടിന്റെ മാത്രം തീരുമാനമായിരുന്നു. ക്യാപ്റ്റനായി തനിക്ക് തുടരേണ്ടതില്ല എന്ന് അയാൾ തന്നെ തീരുമാനിച്ചു. പലർക്കും ലോകകപ്പ് പോലെയുള്ള വലിയൊരു ടൂർണമെന്റിന് ശേഷം അങ്ങനെ തോന്നുന്നത് തെറ്റ് പറയാനാവില്ല. അത് അവരുടെ തീരുമാനമാണ്. ഞങ്ങൾ ആ തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. ഇന്ത്യയ്ക്ക് അതിനുശേഷം വലിയ രീതിയിലുള്ള സംഭാവനകൾ തരാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും അയാൾ അത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.” -അരുൺ ധുമാല്‍ പറഞ്ഞു.
കോഹ്ലിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ക്യാപ്റ്റൻസി രാജി സംബന്ധിച്ച് തീരുമാനമെടുത്തത് എന്നായിരുന്നു ആദ്യം ബിസിസിഐ പ്രസിഡൻറ് ഗാംഗുലി അറിയിച്ചത്. എന്നാൽ പിന്നീട് ആ പ്രസ്താവന പൂർണമായും കോഹ്ലി നിരസിക്കുകയും ചെയ്തിരുന്നു.