ഏഷ്യാകപ്പിന് മുമ്പ് ഏറ്റവുമധികം ചർച്ചാവിഷയമായിരുന്ന ഒന്നായിരുന്നു വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഫോം. മോശം ബാറ്റിംഗ് ഫോമിലുള്ള കോഹ്‌ലിയെ നേരിട്ട് ഏഷ്യകപ്പിലേക്ക് ഉൾപ്പെടുത്തിയതിൽ പല ക്രിക്കറ്റർമാരും തങ്ങളുടെ വിരക്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമാണ് വിരാട് കാഴ്ചവച്ചത്. പക്ഷേ പഴയ ഒരൊഴുക്കിലേക്ക് കോഹ്‌ലി എത്തിയില്ല എന്നതാണ് വസ്തുത. വരാൻപോകുന്ന മത്സരങ്ങളിൽ വിരാട് കോഹ്ലിയുടെ ഒഴുക്കുള്ള ഒരു ബാറ്റിംഗ് കാണാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫർ പറയുന്നത്.
നിലവിൽ ഐസിസി റാങ്കിംഗിൽ ഇരുപതാം സ്ഥാനത്തുള്ള ഹോങ്കോങ്ങ് ടീമുമായാണ് ഇന്ത്യയുടെ ഏഷ്യാകപ്പിലെ രണ്ടാം മത്സരം. അതിനാൽ കോഹ്‌ലിക്ക് തന്റെ ഫോം കണ്ടെത്താനുള്ള മികച്ച അവസരമാണ് ഇതെന്നും ജാഫർ പറയുന്നു. ” നമുക്കെല്ലാവർക്കും കോഹ്ലിയുടെ വലിയൊരു ഇന്നിങ്സാണ് വേണ്ടത്. എന്നാൽ ട്വന്റി20 ക്രിക്കറ്റിൽ അയാളോരു സെഞ്ച്വറി നേടട്ടെ എന്ന് ആഗ്രഹിക്കാനാവില്ല.
പക്ഷേ ഒരു 60-70 റൺസ് നേടുന്ന കോഹ്ലിയുടെ ഇന്നിങ്സ് പ്രതീക്ഷിക്കാം, നല്ല ഫ്ലൂവൻസിയിൽ തന്നെ” – ജാഫർ പറയുന്നു. “വ്യക്തിപരമായി കോഹ്ലിയുടെ പഴയ ഫ്ലൂവൻസിയാണ് ഞാൻ ആഗ്രഹിക്കുന്നത്. 2016-2017 സമയത്ത് കോഹ്ലി മികച്ച ഒഴുക്കിലായിരുന്നു കളിച്ചത്. എന്നാൽ ഇപ്പോഴത് കാണുന്നില്ല. ഞാൻ കരുതുന്നത് ഇന്ത്യയുടെ വരുന്ന മത്സരങ്ങളിൽ കോഹ്ലി വളരെ ഫ്ലൂവന്റ് ആയി 60-70 റൺസ് നേടുമെന്നാണ്.
അങ്ങനെയെങ്കിൽ അതയാളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.”- ജാഫർ കൂട്ടിച്ചേർക്കുന്നു. ഇതിനുമുമ്പ് ഇന്ത്യ 2008ലും 2018ലുമാണ് ഹോങ്കോങ്ങിനെതിരെ കളിച്ചിട്ടുള്ളത്. രണ്ടുതവണയും വിജയം ഇന്ത്യയ്ക്കായിരുന്നു. അന്ന് രണ്ടു മത്സരങ്ങളും 50 ഓവർ ഫോർമാറ്റിലായിരുന്നു നടന്നത്. എന്നാൽ ഇന്ന് അത് 20 ഓവർ മത്സരങ്ങളാണ്.