ലോകകപ്പിൽ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത് മൂർച്ചയില്ലാത്ത ബോളിംഗ് നിര തന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇംഗ്ലണ്ട് സ്പിന്നർമാരായ അദിൽ റഷീദും ലിയാം ലിവിങ്സ്റ്റണും താളം കണ്ടെത്തിയപ്പോൾ ഇന്ത്യയുടെ സ്പിന്നർമാർക്ക് അത് സാധിക്കാതെ പോയി. രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലിനും മത്സരത്തിന്റെ ഒരു ഭാഗത്ത് പോലും ഇംഗ്ലണ്ട് ബാറ്റർമാരെ കുഴപ്പിയ്ക്കാൻ സാധിച്ചില്ല. രവിചന്ദ്രൻ അശ്വിൻ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ യോഗ്യനായിരുന്നില്ല എന്നാണ് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയ ഇപ്പോൾ പറയുന്നത്.
ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ ഒരുതരത്തിലും ഉപയോഗിക്കാൻ അശ്വിന് സാധിച്ചില്ലെന്നും കനേറിയ പറയുന്നു. “ഈ ട്വന്റി20 ലോകകപ്പ് കളിക്കാൻ അശ്വിൻ ഒരിക്കലും അർഹനായിരുന്നില്ല. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ അശ്വിന് സാധിക്കില്ല. അയാൾക്ക് നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് വഴങ്ങുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോൾ അശ്വിനെ ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്നു കളിപ്പിച്ചിരുന്നത്. അതായിരുന്നു ശരി. ട്വന്റി20 ക്രിക്കറ്റ് അശ്വിന് യോജിച്ചതല്ല. ഒരു ഓഫ് സ്പിന്നർ ആയിരുന്നിട്ടും ഓഫ് സ്പിൻ എറിയാൻ അശ്വിന് സാധിച്ചില്ല.”- കനേറിയ പറയുന്നു.
അതോടൊപ്പം മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തിയതിലെ അവ്യക്തതയും കനേറിയ അറിയിക്കുകയുണ്ടായി. “ഇന്ത്യ സെമിയിൽ പന്തിനെ കളിപ്പിച്ചു. അങ്ങനെ കളിപ്പിക്കുമ്പോൾ അയാളെ നന്നായി ഉപയോഗിക്കാൻ സാധിക്കണം. ബാറ്റിംഗിൽ കുറച്ചു നേരത്തെ ഇറക്കണം. കെ എൽ രാഹുൽ പുറത്തായ ശേഷം ഇറക്കേണ്ടിയിരുന്നു. 19ആം ഓവറിൽ ബാറ്റിംഗിനിറങ്ങിയിട്ട് പന്ത് എന്ത് ചെയ്യാനാണ്?”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ രണ്ട് ഓവറുകൾ ബോൾ ചെയ്ത അശ്വിൻ 27 റൺസാണ് വഴങ്ങിയത്. പന്ത് മത്സരത്തിൽ നാലു പന്തുകളിൽ നിന്ന് 6 റൺസ് നേടി. ഇരുവരും ഈ ടൂർണമെന്റിലുടനീളം മികവ് കാട്ടുന്നതിൽ പരാജയപ്പെട്ടിരുന്നു.