കോഹ്ലിയും രോഹിത്തും 2023 ലോകകപ്പ് ഇന്ത്യയ്ക്ക് നേടി തരില്ല!! മാർഗനിർദ്ദേശവുമായി കപിൽ ദേവ്!!

   

2023ലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് 50 ഓവർ ലോകകപ്പ്. ഈ വർഷം പ്രസ്തുത ലോകകപ്പ് ഇന്ത്യയിൽ വച്ചാണ് നടക്കുന്നത്. മുൻപ് 2011ൽ ലോകകപ്പ് ഇന്ത്യയിൽ വച്ച് നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കളായത്. അതിനാൽതന്നെ 2023ൽ വലിയ പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻനിര. പക്ഷേ ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കുന്നതിനായി ഇന്ത്യ തങ്ങളുടെ ഘടനയിൽ കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നാണ് ഇന്ത്യയുടെ 1983 ലോകകപ്പ് വിജയ ടീമിന്റെ നായകൻ കപിൽ ദേവ് പറയുന്നത്

   

ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം മികച്ച ഒരു ടീമുണ്ടാക്കാൻ ശ്രമിക്കണമെന്ന് കപിൽ ദേവ് പറയുന്നു. “ലോകകപ്പ് വിജയിക്കണമെങ്കിൽ കോച്ചും സെലക്ടർമാരും ടീം മാനേജ്മെന്റും കുറച്ച് കർശനമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ തയ്യാറാവണം. വ്യക്തിപരമായ താല്പര്യങ്ങൾ ഒഴിവാക്കുകയും ടീമിനായി ചിന്തിക്കുകയും വേണം.”- കപിൽ പറയുന്നു.

   

“വിരാട് കോഹ്ലിയും രോഹിത് ശർമയും രണ്ടുമൂന്നു കളിക്കാരും നമുക്കായി ലോകകപ്പ് നേടിത്തരുമെന്നാണ് കരുതുന്നതെങ്കിൽ അത് ഒരിക്കലും സംഭവിക്കാൻ പോകുന്ന കാര്യമല്ല. നമ്മൾ നമ്മുടെ ടീമിൽ പൂർണമായും വിശ്വസിക്കണം. അത്തരമൊരു ടീം നമുക്കുണ്ടോ? തീർച്ചയായും. അത്തരം മാച്ച് വിന്നർമാർ നമുക്കുണ്ടോ? തീർച്ചയായും. ലോകകപ്പ് വിജയിക്കാൻ പാകത്തിനുള്ള കളിക്കാർ നമുക്കുണ്ട്.”- കപിൽ കൂട്ടിച്ചേർക്കുന്നു.

   

“എപ്പോഴും ടീമിന്റെ നട്ടെല്ലായി ഒന്നോ രണ്ടോ കളിക്കാർ മാറുന്നു. ടീം അവർക്ക് ചുറ്റും സഞ്ചരിക്കുന്നു. ആ തിയറി നമുക്ക് മറികടക്കണം. നമുക്ക് അത്തരം 5-6 കളിക്കാർ വേണം. അതുകൊണ്ടാണ് ഞാൻ പറയുന്നത്, രോഹിത്തിലും കോഹ്ലിയിലും മാത്രം ആശ്രയിക്കരുതെന്ന്. എല്ലാ ഉത്തരവാദിത്വത്തോടും കളിക്കുന്നവരെ നമുക്ക് വേണം.”- കപിൽ ദേവ് കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *