ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുമുമ്പ് വൈറലായി ഒരു സൗഹൃദവീഡിയോ. ഇന്ത്യയുയുടെയും മറ്റു രാജ്യങ്ങളിലെയും താരങ്ങളുടെ പ്രാക്ടീസ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വിരാട് കോഹ്ലിയും പാകിസ്ഥാൻ ക്യാപ്റ്റനായ ബാബർ ആസമുമായി സംസാരിച്ച് സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇതിനോടകം വൈറലായിരിക്കുന്നത്. ബിസിസിഐ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ താരങ്ങൾ ടീം ബസ്സിൽ നിന്നിറങ്ങുന്നതും പരിശീലനത്തിനായി ദുബായിലെ മൈതാനത്ത് പ്രവേശിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം. പാകിസ്ഥാൻ കളിക്കാരും അഫ്ഗാനിസ്ഥാൻ കളിക്കാരും അതേ ഗ്രൗണ്ടിൽ തന്നെയാണ് പരിശീലനം നടത്തിയത്. വിരാട് കോഹ്ലി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനോടും ബാബർ ആസമിനോടും സംസാരിക്കുന്നുണ്ട് വീഡിയോയിൽ. ഹർദിക് പാണ്ഡ്യ അഫ്ഗാൻ താരങ്ങളുമായി സൗഹൃദം പങ്കുവെക്കുന്നു. ” ഹലോ ദുബായ്, ആലിംഗനങ്ങളും പുഞ്ചിരികളുമായി പരിശീലനങ്ങൾ തുടങ്ങുകയാണ്. ” എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ശീർഷകം.
നേരത്തെതന്നെ ബാബർ ആസമും വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുന്ന കോഹ്‌ലിയെ പിന്തുണച്ച് ബാബർ ആസം മുമ്പും രംഗത്തുവന്നിട്ടുണ്ട്. “ധൈര്യമായിരിക്കൂ, ഈ സമയവും കടന്നുപോകും” എന്ന അടിക്കുറിപ്പിൽ ആസാം തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കോഹ്ലിയെ പിന്തുണച്ച് എഴുതിയിരുന്നു.
വിരാട് കോലി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരുന്നു. അതിനുശേഷം കോഹ്ലിയ്ക്ക് ബിസിസിഐ ഇടവേള നൽകുകയുണ്ടായി. നിലവിൽ ഏഷ്യകപ്പിലൂടെ ഒരു വമ്പൻ തിരിച്ചുവരവാണ് കോഹ്ലി പ്രതീക്ഷിക്കുന്നത്. ആറു രാജ്യങ്ങൾ മത്സരിക്കുന്ന ഏഷ്യാകപ്പ് ഈ മാസം 27നാണ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യമത്സരം 28ന് ബദ്ധശത്രുക്കളായ പാകിസ്ഥാനെതിരെയാണ്.
View this post on Instagram