ഏകദിനത്തിൽ കോഹ്ലിയും മോശം !! 7 ഇന്നിങ്സുകളിൽ നിന്ന് നേടിയത് വെറും 73 റൺസ്!!

   

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോഹ്ലി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏഷ്യാകപ്പിലും ട്വന്റി20 ലോകകപ്പിലുമൊക്കെ വിരാട് കോഹ്ലിയുടെ പ്രഹരശേഷി ഇന്ത്യക്കാർ കണ്ടതുമാണ്. മെൽബണിൽ നടന്ന ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിൽ ഐതിഹാസകരമായ ബാറ്റിംഗ് പ്രകടനമായിരുന്നു കോഹ്ലി കാഴ്ചവച്ചത്. എന്നാൽ ഏകദിനങ്ങളിലേക്ക് വരുമ്പോൾ ഇതല്ല കോഹ്ലിയുടെ കഥ. കോഹ്ലിയെ ഏകദിനങ്ങളിൽ തുടർപരാജയങ്ങൾ ബാധിച്ചിരിക്കുകയാണ്.

   

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ 9 റൺസായിരുന്നു വിരാട് കോഹ്ലി നേടിയത്. രണ്ടാം മത്സരത്തിൽ 5 റൺസും. ഇതോടെ ഇന്ത്യയുടെ മുൻനിര തകർന്നുവീഴുന്നതാണ് കണ്ടത്. ഇതിനു മുൻപും ഏകദിനങ്ങളിൽ കോഹ്ലി ഇതുപോലെ മോശം പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. കോഹ്ലിയുടെ കഴിഞ്ഞ 7 ഇന്നിങ്സുകൾ പരിശോധിച്ചാൽ ഒരിക്കൽപോലും അദ്ദേഹത്തിന് 20 റൺസിന് മുകളിൽ നേടാൻ സാധിച്ചിട്ടില്ല എന്ന് വ്യക്തമാകും. 18 റൺസാണ് കോഹ്ലിയുടെ കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ ഉയർന്ന സ്കോർ.

   

കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 73 റൺസ് മാത്രമാണ് വിരാട് കോഹ്ലി ഏകദിനങ്ങളിൽ നേടിയിട്ടുള്ളത്. അതായത് കേവലം 10 റൺസിന് മുകളിൽ മാത്രം ശരാശരി. കോഹ്ലിയുടെ ഈ മോശം പ്രകടനം ഇന്ത്യൻ ടീമിനെയും ബാധിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ലഭിക്കുന്നത്. കാരണം കോഹ്ലി പരാജയപ്പെട്ട രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയമറിഞ്ഞിട്ടുണ്ട്.

   

2023ലെ 50 ഓവർ ലോകകപ്പിലേക്ക് ഒരു ശക്തമായ ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ അവസരത്തിൽ ശിഖർ ധവാനും രോഹിത് ശർമയും കോഹ്ലിയുമടങ്ങുന്ന മുൻനിരയിൽ നിന്ന് സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ ഉണ്ടാവുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഒപ്പം മറ്റു പല മികച്ച ക്രിക്കറ്റർമാരും പുറത്തിരിക്കുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *